കാണാതായ ദിഗന്ത്
ബംഗളൂരു: മംഗളൂരു ഫരംഗിപേട്ടയിൽനിന്നുള്ള പി.യു.സി വിദ്യാർഥി ദിഗന്തിനെ ദുരൂഹമായി കാണാതായ സംഭവം മംഗളൂരു എം.എൽ.എ നിയമസഭ സ്പീക്കർ യു.ടി. ഖാദർ ബുധനാഴ്ച സംസ്ഥാന നിയമസഭയിൽ ഉന്നയിച്ചു. കഴിഞ്ഞ മാസം 25 മുതൽ തന്റെ മണ്ഡല പരിധിയിലുള്ള ഫരംഗിപേട്ടയിൽ ദിഗന്തിനെ കാണാനില്ലെന്ന് പറഞ്ഞ ഖാദർ അന്വേഷണ പുരോഗതി ആരാഞ്ഞു. ദിഗന്തിനെ എത്രയും വേഗം കണ്ടെത്താൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സർക്കാറിനോട് നിർദേശിച്ചു.
ആഭ്യന്തരമന്ത്രിയുടെ അഭാവത്തിൽ ചോദ്യത്തിന് മറുപടി നൽകിയ സ്കൂൾ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, എസ്.പിയുടെ നേതൃത്വത്തിൽ ഏഴ് പൊലീസ് സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
അന്വേഷണം വേഗത്തിലാണ് നടക്കുന്നതെങ്കിലും കാണാതായ ആൺകുട്ടിയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് എല്ലാ കോണുകളിൽനിന്നും അന്വേഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സ്പീക്കർ സർക്കാറിനോട് ആവശ്യപ്പെട്ടു.
കാർക്കള എം.എൽ.എ വി. സുനിൽ കുമാർ, മുൽക്കി-മൂഡബിദ്രി എം.എൽ.എ ഉമാനാഥ് കോട്ടിയൻ എന്നിവരും കുട്ടിയെ കണ്ടെത്താൻ പൊലീസിന് കഴിയാത്തതിൽ ആശങ്ക പ്രകടിപ്പിക്കുകയും കേസ് ഗൗരവമായി എടുക്കണമെന്ന് സർക്കാറിനോട് അഭ്യർഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.