ദിനേശ് ഗുണ്ടുറാവു
ബംഗളൂരു: ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള മുൻ ബി.ജെ.പി സർക്കാർ കുറ്റവാളിയായി (ഗുണ്ട) പ്രഖ്യാപിച്ച സുഹാസ് ഷെട്ടിയെ കൊല്ലപ്പെട്ട ശേഷം മഹത്വവത്കരിക്കുകയും രക്തസാക്ഷി പരിവേഷം നൽകുകയും ചെയ്യുന്ന സംഘ്പരിവാർ സമീപനം ഇരട്ടത്താപ്പാണെന്ന് ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു ചൊവ്വാഴ്ച പറഞ്ഞു. സുഹാസ് ഒരു മാന്യനാണെങ്കിൽ മുൻ ബി.ജെ.പി സർക്കാർ എന്തിനാണ് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചത്?-മന്ത്രി ആരാഞ്ഞു.
2020ൽ ബസവരാജ് ബൊമ്മൈ ആഭ്യന്തര മന്ത്രിയായിരുന്ന ബി.ജെ.പി സർക്കാറിന്റെ കാലത്ത് ഷെട്ടിക്കെതിരെ ‘റൗഡി ഷീറ്റ്’ ഫയൽ ചെയ്തതായി കാണിക്കുന്ന ഔദ്യോഗിക പൊലീസ് രേഖകൾ റാവു ചൂണ്ടിക്കാട്ടി. നിരപരാധികളുടെ മേൽ മതഭ്രാന്തിന്റെ ലഹരി ബലമായി അടിച്ചേൽപിക്കുകയാണെന്നും വർഗീയ വികാരങ്ങൾ ഇളക്കിവിടാൻ ബി.ജെ.പി ഷെട്ടിയുടെ മരണത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവരുടെ സ്വന്തം സർക്കാറിനു കീഴിൽ ഷെട്ടിയെ കുറ്റവാളിയായി മുദ്രകുത്തി. ഇന്ന് ബി.ജെ.പി അദ്ദേഹത്തെ രക്തസാക്ഷിയായും മഹാനായ ആത്മാവായും മഹത്വപ്പെടുത്തുന്നു. അധികാരത്തിലിരിക്കുമ്പോൾ, അവർ കുറ്റവാളികൾക്കെതിരെ കുറ്റപത്രം തുറക്കുന്നു.
ആ കുറ്റവാളികൾ മരിക്കുമ്പോൾ അവരെ രക്തസാക്ഷികളായി മഹത്വപ്പെടുത്തുകയും വിശുദ്ധന്മാരായി ചിത്രീകരിക്കുകയും ചെയ്യുന്നു. മതത്തിന്റെ പേരിൽ സ്വന്തം കുട്ടികളെ എപ്പോഴെങ്കിലും തല്ലിച്ചതച്ചിട്ടുണ്ടോ എന്ന് അവർക്ക് പറയാൻ കഴിയുമോ.. ഹിന്ദുത്വ വികാരം ഇളക്കി വിടുമ്പോൾ ദരിദ്രരുടെ കുട്ടികളുടെ ജീവനാണ് എപ്പോഴും തെരുവുകളിൽ പൊലിയുന്നത്. ഇതല്ലേ സത്യം?” റാവു ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.