ജാലി ബീച്ചിൽ കരക്കടിഞ്ഞ കണ്ടെയ്നർ
മംഗളൂരു: ഉത്തര കന്നട ജില്ലയിൽ ഭട്കൽ താലൂക്കിലെ ജാലി ബീച്ചിൽ ചൊവ്വാഴ്ച കണ്ടെയ്നർ കപ്പലിന്റെ വലിയ ഭാഗം കരക്കടിഞ്ഞു. ഏകദേശം 70 മീറ്റർ നീളമുള്ള കണ്ടെയ്നർ കൊച്ചി കപ്പൽശാലയിൽനിന്നാണെന്നാണ് ഇന്ത്യൻ തീരസംരക്ഷണ സേന അധികൃതരുടെ നിഗമനം. ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം കപ്പലിന്റെ നങ്കൂരം അഴിഞ്ഞുപോയതാവാം എന്ന് സംശയിക്കുന്നു.
കൃത്യമായ കാരണം സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു.കണ്ടെയ്നറിൽ എന്തെങ്കിലും ചരക്ക് ഉണ്ടോ എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. തീരദേശ മേഖലയുടെ സുരക്ഷ ഉറപ്പാക്കാനും പാരിസ്ഥിതിക ആഘാതം തടയാനും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ഘടന പരിശോധിച്ച് നീക്കം ചെയ്യുന്നതിനായി കൊച്ചി കപ്പൽശാലയിൽ നിന്നുള്ള സംഘം എത്തുമെന്ന് അറിയിച്ചു. സംഭവം നടന്ന ജാലി ബീച്ചിലേക്ക് ആളുകൾ ഒഴുകിയെത്തി.
കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും ലോക്കൽ പൊലീസും സ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തി."കടലിൽ ശക്തമായ കാറ്റുണ്ടാവുമ്പോൾ കപ്പലുകളുടെ ഭാഗങ്ങൾ ഇളകിമറിയാനുള്ള സാധ്യത വളരെ കൂടുതലാണെങ്കിലും ഇത്രയും വലിയ ഒരു കണ്ടെയ്നർ കരക്കടിഞ്ഞത് അത്ഭുതകരമാണ്," ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു. സ്ഥലത്ത് സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അധികൃതർ അതിജാഗ്രതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.