കർണാടക ബുൾഡോസർ രാജിൽ വിശദീകരണം തേടി കോൺഗ്രസ്; ഒഴിപ്പിക്കപ്പെട്ടവർക്ക് ഫ്ലാറ്റ് നിർമിച്ച് നൽകാൻ സർക്കാർ

ന്യൂഡൽഹി: ബംഗളൂരുവിൽ മുസ് ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകൾ ഇടിച്ചു നിരത്തിയ ബുൾഡോസർ രാജിൽ വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം. കർണാടക പ്രദേശ് കമ്മിറ്റിയോടാണ് വിശദീകരണം തേടിയത്. കോൺഗ്രസ് ബുൾഡോസർ രാഷ്ട്രീയം കളിക്കുന്നുവെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് എ.ഐ.സി.സി നടപടി. എന്നാൽ, കൈയേറ്റം ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും നടപടി ക്രമങ്ങൾ പാലിച്ചെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

അതേസമയം, ഒഴിപ്പിക്കപ്പെട്ടവർക്ക് പുനരധിവാസവുമായി കർണാടക സർക്കാർ പ്രശ്നപരിഹാരത്തിന് നീക്കം ആരംഭിച്ചിട്ടുണ്ട്. 300 വീടുകളിലായി 3000തോളം ആളുകളാണ് താമസിച്ചിരുന്നത്. ഇവർക്കായി 200 ഫ്ലാറ്റുകൾ നിർമിച്ചു നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി സർവേ നടപടികൾ തുടങ്ങാൻ ജില്ല ഭരണകൂടത്തിന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച അഞ്ച് ഏക്കർ സർക്കാർ ഭൂമി തിരിച്ചു പിടിക്കുന്നതിനായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) പുലർച്ച യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലെയും 300റിലേറെ ചേരി വീടുകൾ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ബംഗളൂരുവിൽ നടന്ന 3000ത്തോളം ആളുകളെ ഭവനരഹിതരാക്കി ഇടിച്ചുനിരത്തലിൽ മാർഗനിർദേശങ്ങൾ പാലിക്കുകയോ മാനുഷിക പരിഗണന നൽകുകയോ ചെയ്തിരുന്നില്ല.

പുലർച്ച നാലരയോടെ തുടങ്ങിയ ബുൾഡോസർ രാജിൽ ചേരി വീടുകൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുകയും വൈകിട്ട് അഞ്ചോടെ മുഴുവൻ പ്രദേശവും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയായിരുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അഞ്ച് ട്രാക്ടറുകളും ഒമ്പത് ജെ.സി.ബി മെഷീനുകളും ഉപയോഗിച്ചു. 70 ജി.ബി.എ മാർഷൽമാരെയും 200 പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടായിരുന്നു.

അധികാരികൾ നോട്ടീസ് നൽകാതെയാണ് ബുൾഡോസർ രാജ് നടത്തിയതെന്ന് ദുഡിയുവ ജനറ വേദികെ നേതാവ് മനോഹർ എലവർത്തി ആരോപിച്ചു. ബുൾഡോസർ രാജ് തെറ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം നൽകിയ മുന്നറിയിപ്പും കർണാടക സർക്കാർ അവഗണിക്കുകയായിരുന്നു.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്ന സ്വത്തുക്കൾ പൊളിച്ചുമാറ്റുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പിയുടെ 'ബുൾഡോസർ നീതി' അനുകരിക്കാനുള്ള കർണാടക സർക്കാറിന്റെ നിർദേശത്തെ പി. ചിദംബരം വിമർശിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ ബുൾഡോസർ നിയന്ത്രിതമായ നടപ്പാക്കലിന്റെ 'നിയമവിരുദ്ധ പാത' കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനം അവലംബിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രി പറഞ്ഞതാണ്.

മയക്കുമരുന്ന് വിൽപനക്കാരുടെ വീടുകൾ തകർക്കുമെന്ന കർണാടക ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വരയുടെ പ്രസ്താവനയോടായിരുന്നു ചിദംബരം പ്രതികരിച്ചത്.

Tags:    
News Summary - Congress Leadership seeks explanation on Karnataka bulldozer raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.