പ്രതീകാത്മക ചിത്രം

അനധികൃത മൃഗ കടത്ത്: കന്നുകാലി മോഷണസംഘം അറസ്റ്റിൽ

മംഗളൂരു: ബാജ്‌പെ പൊലീസ് സ്റ്റേഷൻ പരിധിയിൽ കെഞ്ചാരു, കരംബരു, ഭത്രകെരെ പ്രദേശങ്ങളിൽനിന്ന് കന്നുകാലി മോഷണത്തിലും അനധികൃതമായി മൃഗങ്ങളെ കടത്തുന്നതിലും ഏർപ്പെട്ടിരുന്നതായി ആരോപിക്കുന്ന സംഘത്തിലെ എട്ടുപേരെ ബാജ്‌പെ പൊലീസ് അറസ്റ്റ് ചെയ്തു. കന്നുകാലി മോഷണം, നിയമവിരുദ്ധ മാംസ വിൽപന, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത കേസുകളിൽ ബാജ്‌പെ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിനെതുടർന്നാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.

ജൂലൈയിൽ ബാജ്‌പെ ഭത്രകെരെ പള്ളിക്ക് സമീപം ഏകദേശം 50,000 രൂപ വിലമതിക്കുന്ന ജഴ്‌സി പശുവിനെ മോഷ്ടിച്ച കേസിൽ ആദയപാടി സൈറ്റ് നിവാസിയായ മൻസൂർ ആദയപാടി (42), തൊക്കോട്ടു-പെർമന്നൂർ ഗ്രാമത്തിലെ മുഹമ്മദ് അശ്വദ് (25), ഉള്ളാൾ താലൂക്കിലെ കൊട്ടെകേപുര നിവാസി റിൽവാൻ അഹമ്മദ് എന്ന റില്ലു (26) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്ന് ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന കാർ പിടിച്ചെടുത്തിട്ടുണ്ട്.

ഡിസംബർ 12ന് കെഞ്ചാരു ഗ്രാമത്തിലെ കപില ഗോശാലക്ക് സമീപം മേയാൻ വിട്ട എട്ടു പശുക്കളെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ ജോക്കാട്ടെ-തോകുരു ഗ്രാമത്തിലെ ഹസനബ്ബ (40), ജോക്കാട്ടെ സ്വദേശി മുഹമ്മദ് റഫീഖ് (56) എന്നിവരെ അറസ്റ്റു ചെയ്തു. പൾസർ മോട്ടോർ സൈക്കിൾ ഇവരിൽനിന്ന് പിടിച്ചെടുത്തു. ഡിസംബർ 20ന് കരമ്പാരുവിൽ ആറ് പശുക്കളെ മോഷ്ടിക്കുകയും ഓമ്‌നി ഗുഡ്‌സ് വാഹനത്തിലും ടാറ്റ വാഹനത്തിലും ക്രൂരമായ രീതിയിൽ വിൽപനക്കായി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കെഞ്ചാരു ഗ്രാമത്തിലെ കരമ്പാരുവിലെ അബ്ദുൾ റഹിമാൻ ഷഫീർ (21), പെജവാരയിലെ ഹസൻ സജ്ജാദ് (18), നിലവിൽ കിന്നികടവിൽ താമസിക്കുന്ന കെഞ്ചാരു സ്വദേശിയായ എ.കെ. അഹമ്മദ് ആദിൽ (20) എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Illegal animal trafficking: Cattle theft gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.