മംഗളൂരു: സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിലുള്ള പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി സർക്കാർ വീണ്ടും നീട്ടി. ഇത്തവണ അടുത്ത ഡിസംബർവരെ. ഇതിനകം നിരവധി തവണ കാലാവധി നീട്ടിയിരുന്നു. നേത്രാവതി നദീതീര വികസനം, സുൽത്താൻ ബത്തേരി-ബെൻഗ്രെ പാലം തുടങ്ങിയ പ്രധാന പദ്ധതികൾ ഇനിയും പൂർത്തിയായില്ല.
വികസന പദ്ധതി ഉൾപ്പെടെ ആറ് പ്രധാന പ്രവൃത്തികൾ ഇനിയും പൂർത്തിയാകാനുണ്ട്. ഏകദേശം 80 കോടി രൂപയുടെ പ്രവൃത്തികൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. സംസ്ഥാനത്ത് സ്മാർട്ട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുത്ത ജില്ലകളൊന്നും ഇതുവരെ അവരുടെ പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടില്ല. ഇതേത്തുടർന്ന് മംഗളൂരു, ദാവണഗരെ സ്മാർട്ട് സിറ്റി പദ്ധതികൾക്കുള്ള സമയപരിധി ഡിസംബർവരെ നീട്ടിയത്. മംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ ആകെ ചെലവ് 960 കോടി രൂപയാണ്.
ഇതിൽ 453 കോടി രൂപ കേന്ദ്ര സർക്കാറും 463 കോടി രൂപ സംസ്ഥാന സർക്കാറും അനുവദിച്ചിട്ടുണ്ട്. 105 നിർദിഷ്ട പ്രവൃത്തികളിൽ വാട്ടർ ഫ്രണ്ട് ഡെവലപ്മെന്റിന് കീഴിലുള്ള അഞ്ച് പാക്കേജുകൾ, മഹാകാളിപട്പു-മോർഗൻസ് ഗേറ്റ് റോഡ് വികസനം, പാഡിൽ-പമ്പ്വെൽ റോഡ്, സുൽത്താൻ ബത്തേരി-തണ്ണീർഭാവി പാലം, എൽ.ഇ.ഡി ലൈറ്റിങ് ഇൻസ്റ്റാളേഷനുകൾ എന്നിവ ഇപ്പോഴും പുരോഗമിക്കുന്ന പ്രധാന പദ്ധതികളാണ്.
ക്ലോക്ക് ടവർ, സ്മാർട്ട് റോഡുകൾ, സ്മാർട്ട് ഷെൽട്ടറുകൾ, ഇ-ടോയ്ലറ്റുകൾ, വെൻലോക്ക് ആശുപത്രിയിലെ ഐ.സി.യു, സർജിക്കൽ ബ്ലോക്ക്, ഇ-സ്കൂളുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, കാൽനട അടിപ്പാത, മംഗള സ്റ്റേഡിയം നവീകരണം, തടാകവികസനം, നീന്തൽക്കുളങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രവൃത്തികൾ ഇതിനകം പൂർത്തിയായി.
സ്മാർട്ട് സിറ്റി സംരംഭത്തിന് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ നഗരങ്ങളിൽ മംഗളൂരു ഉൾപ്പെട്ടിരുന്നില്ലെങ്കിലും 2016ൽ ഉൾപ്പെടുത്തി. 2022 മാർച്ചിൽ നിശ്ചയിച്ചിരുന്ന അഞ്ച് വർഷത്തെ പൂർത്തീകരണ സമയപരിധി പ്രാരംഭ വർഷങ്ങൾ ആശയക്കുഴപ്പത്തിലും ഉദ്യോഗസ്ഥരും സർക്കാരും തമ്മിലുള്ള ഏകോപനക്കുറവിലും പാഴായി. പിന്നീട് വേഗം കൈവരിക്കാൻ തുടങ്ങിയപ്പോൾ കോവിഡ്-19 മഹാമാരി കാരണം 2023 മാർച്ച് വരെ സമയപരിധി നീട്ടാൻ സർക്കാർ നിർബന്ധിതമായി. പക്ഷേ, അത് വീണ്ടും പാലിക്കപ്പെട്ടില്ല. ഇത് കൂടുതൽ സമയപരിധി നീട്ടുന്നതിലേക്ക് നയിച്ചു.
മംഗളൂരുവിലെ സ്മാർട്ട് സിറ്റി ജോലികളിൽ ഭൂരിഭാഗവും പൂർത്തിയായതായി മംഗളൂരു സ്മാർട്ട് സിറ്റി ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) കെ.എസ്. അരുൺ പ്രഭ പറഞ്ഞു. ബാക്കിയുള്ള ജോലികൾ തടസ്സങ്ങളില്ലാതെ പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാനാണ് സർക്കാർ ഡിസംബർവരെ സമയപരിധി നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.