ഷാരിഖ്
മംഗളൂരു: കുക്കർ ബോംബ് സ്‌ഫോടന കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖിന് തിങ്കളാഴ്ച ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പ്രത്യേക കോടതി 10 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. കുറ്റം സമ്മതിച്ചുകൊണ്ടുള്ള ഷാരിഖിന്റെ അപേക്ഷ കോടതി അടുത്തിടെ സ്വീകരിച്ചിരുന്നു. മംഗളൂരുവിൽ നടന്ന സ്ഫോടനത്തെക്കുറിച്ചുള്ള ദീർഘനാളത്തെ അന്വേഷണത്തിനും വിചാരണക്കും ശേഷമാണ് ശിക്ഷ വിധിച്ചത്. ഐ.പി.സിയിലെ സെക്ഷൻ 121 എ (രാജ്യത്തിനെതിരെ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ഗൂഢാലോചന), സെക്ഷൻ 326 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് സ്വമേധയാ ഗുരുതരമായ പരിക്കേൽപ്പിക്കൽ) എന്നിവ പ്രകാരവും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (യു.എ.പി.എ) വിവിധ വകുപ്പുകൾ പ്രകാരവും ഷാരിഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തി.
2022 നവംബർ 19 ന് ഷാരിഖ് സഞ്ചരിച്ച ഓട്ടോറിക്ഷയിൽ മംഗളൂരു കങ്കനാടിക്ക് സമീപം പ്രഷർ കുക്കറിൽ ഒളിപ്പിച്ചിരുന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബ് കൊണ്ടുപോകുകയായിരുന്ന ഷാരിഖിനും ഓട്ടോറിക്ഷാ ഡ്രൈവർക്കും സ്ഫോടനത്തിൽ പരിക്കേറ്റു. എൻ.ഐ.എ അന്വേഷണം നത്തി 2024ലാണ് കുറ്റപത്രം സമർപ്പിച്ചത്. നടപടിക്രമങ്ങൾക്കിടെ ഷാരിഖ് കുറ്റം സമ്മതിച്ചുകൊണ്ടും തന്റെ പ്രവൃത്തികളിൽ പശ്ചാത്താപം പ്രകടിപ്പിച്ചുകൊണ്ടും ഹരജി ഫയൽ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.