മംഗളൂരു സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം
മംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ പൂട്ടും. വൈസ് ചാൻസലർ പ്രഫ. പി.എൽ. ധർമയുടെ അധ്യക്ഷതയിൽ ചേർന്ന അക്കാദമിക് കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ഈ കോളജുകൾ അടുത്ത അധ്യയനവർഷം മുതൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് നിർത്തും. എന്നാൽ, നിലവിലെ വിദ്യാർഥികൾക്ക് അവരുടെ കോഴ്സുകൾ തടസ്സമില്ലാതെ പൂർത്തിയാക്കാം.
അറബി ഭാഷാ ഗവേഷണത്തിനും പഠനത്തിനുമായി അറബിക് പഠന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഗവർണറുടെ അംഗീകാരം സർവകലാശാലക്ക് ലഭിച്ചു. ദക്ഷിണ കന്നട, കുടക് ജില്ലകളിലെ പ്രാദേശിക അറബി ഭാഷകൾ, പ്രാദേശിക സംസ്കാരം, സമൂഹങ്ങൾ എന്നിവയിൽ ഈ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വൈസ് ചാൻസലർ പറഞ്ഞു. ബി.എ ഇക്കണോമിക്സ് പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിനായി അക്കാദമിക് കൗൺസിൽ നൈപുണ്യ അധിഷ്ഠിത കോഴ്സുകൾക്ക് അംഗീകാരം നൽകി. ബി.എ ജേണലിസം പ്രോഗ്രാമിന്റെ മൂന്നാമത്തെയും നാലാമത്തെയും സെമസ്റ്ററുകൾക്ക് ഇലക്റ്റിവ് കോഴ്സുകൾക്ക് അംഗീകാരം നൽകി.
പുതിയ ഡോക്ടറൽ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനായി എല്ലാ ഡീനുകളും തയാറാക്കിയ പുതുക്കിയ പിഎച്ച്.ഡി പ്രോഗ്രാം മാർഗനിർദേശത്തിന് അംഗീകാരം നൽകി.എല്ലാ ആർട്സ്, സയൻസ്, ടെക്നോളജി, കോമേഴ്സ്, വിദ്യാഭ്യാസ വകുപ്പുകളിലും യു.ജി.സി നിർദേശിച്ചിട്ടുള്ള നാഷനൽ ഹയർ എജുക്കേഷൻ ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് (എൻ.എച്ച്.ഇ.ക്യു.എഫ്) നടപ്പാക്കാൻ കൗൺസിൽ തീരുമാനിച്ചു.
ഈ ചട്ടക്കൂടിന് കീഴിൽ, ബാച്ചിലേഴ്സ് പ്രോഗ്രാമുകൾക്ക് 120 ക്രെഡിറ്റുകളും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമകൾക്ക് 40 ക്രെഡിറ്റുകളും എം.എ, എം.കോം, എം.എസ്സി, മറ്റ് ബിരുദാനന്തര കോഴ്സുകൾക്ക് 80 ക്രെഡിറ്റുകളും ഉണ്ടാവും. വിസ കാലാവധി കഴിഞ്ഞാലും ഐ.സി.സി.ആർ സ്കോളർഷിപ്പുകളിൽ ഉൾപ്പെടുന്ന പിഎച്ച്.ഡി പ്രോഗ്രാമുകളിൽ ചേരുന്ന വിദേശ വിദ്യാർഥികളെ നിരീക്ഷിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി. ഈ വർഷവും 'നാക്' അക്രഡിറ്റേഷൻ തേടും. വകുപ്പ് മേധാവികൾക്ക് പുതുക്കിയ മാർഗനിർദേശങ്ങൾ നൽകുന്നതിനായി നാക് ഡയറക്ടർ ഡോ. കണ്ണൻ സർവകലാശാല സന്ദർശിക്കുമെന്ന് പ്രഫ. ധർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.