ഹനുമന്ത്
ബംഗളൂരു: മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 23 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ കൊപ്പൽ ജില്ലയിലെ ഗംഗാവതി ടൗൺ പൊലീസ് ഒടുവിൽ അറസ്റ്റ് ചെയ്തു. റായ്ച്ചൂർ ജില്ലയിൽ മാൻവി താലൂക്കിലെ ഹലധാൽ ഗ്രാമത്തിൽ നിന്നുള്ള ഹനുമന്ത് ഹുസെനപ്പയാണ്(75) അറസ്റ്റിലായത്.
പ്രതി കുറ്റകൃത്യം നടന്ന സമയത്ത് ബദർലിയിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ആദ്യ ഭാര്യയുടെ മരണത്തിനും രണ്ടാം വിവാഹശേഷം കൊപ്പൽ താലൂക്കിലെ ഇന്ദർഗി ഗ്രാമത്തിലെ രേണുകമ്മയെ വിവാഹം കഴിച്ചു. പിന്നീട് ഗംഗാവതിയിലെ ലക്ഷ്മി ക്യാമ്പ് പ്രദേശത്താണ് താമസിച്ചിരുന്നത്.
2002ൽ കുടുംബ തർക്കത്തെത്തുടർന്ന് ഹനുമന്ത് രേണുകമ്മയെ കുത്തിക്കൊലപ്പെടുത്തി. മൃതദേഹം ചാക്കിൽ നിറച്ച് ഉപേക്ഷിക്കാൻ ശ്രമിച്ചു. കണാടക ആർ.ടി.സി ബസിൽ ചാക്കിൽ മൃതദേഹം കണ്ടെത്തിയ കണ്ടക്ടർ ബസ് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവിടുകയും പരാതി നൽകുകയും ചെയ്തു.
പൊലീസിന് പിടികൂടാൻ കഴിയുന്നതിനുമുമ്പ് ഹനുമന്ത് ഒളിച്ചോടി. രണ്ട് പതിറ്റാണ്ടിലേറെയായി അലഞ്ഞുതിരിഞ്ഞ് സ്ഥലങ്ങൾ മാറിമാറി ജീവിച്ചു. ഈയിടെ തന്റെ ജന്മഗ്രാമമായ ഹലാധലിലേക്ക് മടങ്ങി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗംഗാവതി പൊലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്തു. ഗംഗാവതി ഡിവൈ.എസ്.പി സിദ്ധലിംഗപ്പ പാട്ടീലിന്റെയും ടൗൺ എസ്.ഐ പ്രകാശ് മാലിയുടെയും നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.