ബംഗളൂരു: അഴിമതി, വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനം എന്നീ ആരോപണങ്ങളെത്തുടർന്ന് കർണാടക ലോകായുക്ത ചൊവ്വാഴ്ച സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫിസുകളിലും ഒരേസമയം റെയ്ഡ് നടത്തി.
ബാഗൽകോട്ട്, വിജയപുര, കാർവാർ, റായ്ച്ചൂർ ജില്ലകളിലാണ് ഏകോപിതമായ റെയ്ഡ്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ബംഗ്ലാവുകൾ, വീടുകൾ, ഓഫിസുകൾ എന്നിവിടങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്.
ബാഗൽകോട്ട് ജില്ലയിൽ ജില്ല ഗ്രാമവികസന ഏജൻസി (ഡി.ആർ.ഡി.എ) പ്രോജക്ട് ഡയറക്ടറുടെ വസതികളിൽ ലോകായുക്ത ഉദ്യോഗസ്ഥർ അതിരാവിലെ റെയ്ഡ് ആരംഭിച്ചു.
ബാഗൽകോട്ട് പട്ടണത്തിലും അയൽ ജില്ലയായ ഗദഗ് ജില്ലയിലെ നർഗുണ്ടിലുമുള്ള അദ്ദേഹത്തിന്റെ വീടുകളിലും റെയ്ഡ് നടത്തി. അതേ ജില്ലയിൽ, ബാഗേവാഡിയിലുള്ള കൃഷി വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടറുടെ വസതിയിലും റെയ്ഡ് നടത്തി. കാർവാർ ജില്ലയിൽ സിദ്ധാപൂരിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടെ വസതിയിൽ റെയ്ഡ് തുടരുകയാണ്.
ഉദ്യോഗസ്ഥര്‍ രേഖകളും പരിശോധിച്ചു. റായ്ച്ചൂരിൽ വിരമിച്ച വനിത അസിസ്റ്റന്റ് എൻജിനീയറുടെ വീട്ടിൽ പരിശോധന നടത്തി. അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡുകളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തിരച്ചിൽ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ പിടിച്ചെടുക്കലുകളും കണ്ടെത്തലുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.