ഭഗവന്ത് ഖുബെ (ബി.ജെ.പി), സാഗർ ഖന്ദ്രെ (കോൺഗ്രസ്)
കർണാടകയുടെ വടക്കു-കിഴക്കേ അറ്റത്താണ് ബിദർ ലോക്സഭ മണ്ഡലത്തിന്റെ സ്ഥാനം. തെലങ്കാനയും മഹാരാഷ്ട്രയും അതിർത്തി പങ്കിടുന്ന ലോക്സഭ മണ്ഡലം. ബഹ്മാനി സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പണ്ട് ബിദർ. പഴയകാല പ്രൗഢിയെ ഓർമിപ്പിക്കുന്ന പുരാതനമായ കോട്ടകളും ചരിത്രശേഷിപ്പുകളും ബാക്കിയായ നാട്. സിറ്റിങ് എം.പിയും കേന്ദ്ര മന്ത്രിയുമായ ഭഗവന്ദ് ഖുബ വീണ്ടും ജനവിധി തേടാനിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ പകുതി പ്രായമുള്ള കർണാടക വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രെയുടെ മകൻ സാഖർ ഖന്ദ്രെയാണ് കോൺഗ്രസിനായി കളത്തിലുള്ളത്. ഈ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി കൂടിയാണ് 26 കാരനായ സാഖർ. രണ്ടുപേരും ലിംഗായത്ത് നേതാക്കളാണെന്നതാണ് മത്സരം പിരിമുറുക്കമുള്ളതാക്കുന്നത്.
മുസ്ലിംകൾ വിധിനിർണായകമായ വോട്ടുബാങ്കായ ബിദറിൽ സമുദായത്തിൽനിന്ന് പ്രതിനിധിയെ നിർത്തണമെന്ന ആവശ്യം നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽവെച്ചിരുന്നുവെങ്കിലും തങ്ങളുടെ ആവശ്യം പരിഗണിക്കാത്തത് ന്യൂനപക്ഷ നേതാക്കളിൽ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പിക്ക് തലവേദനയുണ്ടാക്കുന്ന മറ്റൊരു ഘടകം സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള മറാത്ത സമുദായത്തിന്റെ തീരുമാനമാണ്. ഇരു പാർട്ടികളും തങ്ങളെ പരിഗണിക്കുന്നില്ലെന്ന നിരാശയിൽ നിന്നാണ് മറാത്ത വിഭാഗം ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ബി.ജെ.പിക്ക് കിട്ടിക്കൊണ്ടിരുന്ന ഈ 1.45 ലക്ഷം വോട്ടുകൾ ഇത്തവണയുണ്ടാകില്ല. കോൺഗ്രസിന് ലഭിക്കേണ്ട ന്യൂനപക്ഷവോട്ടുകളിൽ വലിയൊരു പങ്ക് മറാത്ത സ്ഥാനാർഥി വിഴുങ്ങാനുള്ള സാധ്യതയും കൂടുതലാണ്.
ഭഗവന്ത് ഖുബെയുടെ സ്ഥാനാർഥിത്വത്തിൽ മണ്ഡലത്തിലെ മൂന്ന് ബി.ജെ.പി എം.എൽ.എമാർ അതൃപ്തരാണെന്നത് ബി.ജെ.പിക്ക് പരിക്കേൽപ്പിക്കാൻ സാധ്യതയുണ്ട്. ഭഗവന്ത് ഖുബെ നാടിനാവശ്യമായ വികസനപ്രവർത്തനങ്ങളിൽ ഇടപെട്ടിട്ടില്ലെങ്കിലും നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ലഭിക്കാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്ന പല വോട്ടർമാരും മണ്ഡലത്തിലുണ്ട്. തൊഴിൽ തേടി ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കുമുള്ള കുടിയേറ്റം ബിദറിലെ പ്രധാന പ്രശ്നമാണ്. തൊഴിലവസരങ്ങൾക്കായി ഐ.ടി പാർക്ക്, കർഷകർക്ക് വൈദ്യുതി മുടങ്ങാതിരിക്കാൻ സോളാർ പാർക്ക്, വിള ഇൻഷുറൻസ് ഉറപ്പാക്കും തുടങ്ങിയവയാണ് കോൺഗ്രസ് വാഗ്ദാനം. ദേശീയ താൽപര്യം മുൻനിർത്തി മോദിക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പിയും പറയുന്നു. 17.5 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ 4.7 ലക്ഷത്തോളമാണ് ലിംഗായത്ത് വോട്ട്. ഇത് ഇത്തവണ ഇരു പാർട്ടികൾക്കുമായി വിഭജിക്കപ്പെടും. 2.7 ലക്ഷം മുസ്ലിം വോട്ടും നാലു ലക്ഷം പട്ടികജാതി-പട്ടികവർഗ വോട്ടുമുണ്ട്. ബി.ജെ.പി അനുഭാവികളായ ലംബാനി സമുദായത്തിന് ഒരു ലക്ഷത്തോളം വോട്ടാണ് മണ്ഡലത്തിലുള്ളത്. 1.45 ലക്ഷം മറാത്തികളും ഒന്നര ലക്ഷം കുറുബരും 43,000 റെഡ്ഡി സമുദായക്കാരുമാണ് മണ്ഡലത്തിൽ വോട്ടർമാരായുള്ളത്.
വോട്ടുനില 2019
നിയമസഭ മണ്ഡലങ്ങൾ 2023
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.