ബംഗളൂരു: മൈസൂരു ഗ്രേറ്റര്‍ മൈസൂരു സിറ്റി കോര്പറേഷന് ആക്കി മാറ്റുന്നതിന്റെ ഭാഗമായി നാല് പുതിയ കെ.എസ്.ആർ.ടി.സി ഡിപ്പോകൾ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ്. യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പരിഹാരമായി ദീർഘദൂര ഗ്രാമീണ റൂട്ടുകൾക്കായി ബന്നിമണ്ഡപിൽ 120 കോടി രൂപ ചെലവിൽ അത്യാധുനിക ബസ് ടെർമിനൽ നിര്‍മാണം തുടങ്ങി. 100 ഇലക്ട്രിക് ബസുകള്‍ക്കായി ഇവിടെ സപ്പോർട്ടിങ് യൂനിറ്റും ആസൂത്രണം ചെയ്യുന്നു. മൈസൂരു ഡിവിഷനിൽ നിലവിൽ 517 ബസുകൾ സർവിസ് നടത്തുന്നുണ്ട്. അതിൽ 127 എണ്ണം നഞ്ചൻഗുഡിൽ നിന്നുള്ളതാണ്.
നവീകരണത്തിന്റെ ഭാഗമായി കൂടുതല്‍ പ്രദേശങ്ങളിൽ സർവിസ് ആരംഭിക്കും. ഇതിന് 200 ബസുകൾ കൂടി ആവശ്യമായി വരും. ഇതോടെ ബസുകളുടെ എണ്ണം ഏകദേശം 800 ആയി ഉയരും. നാല് ദിശകളിലായി എട്ട് ഏക്കർ ഭൂമി (സിവിക് സൗകര്യ സൈറ്റ്) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ഭരണകൂടത്തിനും മൈസൂരു വികസന അതോറിറ്റിക്കും (എം.ഡി.എ) അധികൃതര്‍ നിര്‍ദേശം നല്കി. ഒരു ഡിപ്പോക്ക് ആറ് ഏക്കറും ഒരു ബസ് സ്റ്റേഷന് രണ്ട് ഏക്കറും എന്ന രീതിയില്‍ സർക്കാർ ഭൂമിയോ സ്വകാര്യ ഭൂമിയോ വാങ്ങുന്നതിന് അനുമതി തേടും.
നിലവിൽ മൈസൂരുവിൽ ഹിങ്കൽ, കുവേംപുനഗർ, സതഗള്ളി എന്നീ മൂന്ന് ഡിപ്പോകളുണ്ട്. ഹുൻസൂർ, ടി. നരസിപുർ, നഞ്ചൻഗുഡ്, എച്ച്.ഡി. കോട്ട് റൂട്ടുകളിൽ പുതിയ ഡിപ്പോകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുവരുകയാണ്. മന്ത്രിയുമായി ചർച്ച നടത്തിയതായും ഭൂമി അനുവദിക്കുന്നതിന് ജില്ല ഭരണകൂടത്തോട് ആവശ്യപ്പെടുമെന്നും കെ.എസ്.ആർ.ടി.സി അർബൻ ഡിവിഷനൽ കൺട്രോളർ എച്ച്.ടി. വീരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.