എസ്.ഐ.ആർ റദ്ദാക്കണം -പ്രകാശ് രാജ്
ബംഗളൂരു: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) റദ്ദാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് പറഞ്ഞു. കൊപ്പലിലെ ഷാദി മഹലിൽ നടന്ന എസ്.ഐ.ആർ പരിശോധനാ പര്യടനത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.
എസ്.ഐ.ആർ പ്രക്രിയ ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും മനഃപൂർവ്വം രൂപകൽപന ചെയ്തതാണെന്നും പ്രക്രിയയിൽ നിരവധി ക്രമക്കേടുകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആർ പ്രക്രിയക്കായി കൂടുതൽ സമയം ആവശ്യപ്പെടുന്നതിന് പകരം പ്രക്രിയ പൂർണമായും നിർത്തണമെന്ന് ആവശ്യപ്പെടണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ജയിലിലടക്കുകയും വേണം. വോട്ടർ പട്ടികയിൽനിന്ന് യോഗ്യരായ വോട്ടർമാരെ ഒഴിവാക്കി അധികാരത്തിലെത്താൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തതിനുശേഷം കോടതികളെ സമീപിച്ച പലരും പിന്നീട് യോഗ്യരായ വോട്ടർമാരാണെന്ന് കണ്ടെത്തിയെന്നും പ്രകാശ് രാജ് അവകാശപ്പെട്ടു.
ബൂത്ത് ലെവൽ ഓഫിസർമാരുടെ (ബി.എൽ.ഒ) കുറവ്, പരിശീലനത്തിന്റെ അഭാവം എന്നിവയാണ് പ്രക്രിയയെ ബാധിച്ചത്. സംസ്ഥാനത്തെ വോട്ടർ പട്ടികയിൽനിന്ന് ഏകദേശം 1.8 കോടി പേരുകൾ നീക്കം ചെയ്തതായി അദ്ദേഹം ആരോപിച്ചു. പതിറ്റാണ്ടുകളായി വോട്ട് ചെയ്യുന്ന ആളുകളെ ഫോം 6 വഴി പുതിയ വോട്ടർമാരായി രജിസ്റ്റർ ചെയ്യാൻ പെട്ടെന്ന് എങ്ങനെ ആവശ്യപ്പെടുമെന്ന് അദ്ദേഹം ചോദിച്ചു. ബെളഗാവിയിൽ ഫോം 7 അപേക്ഷകൾ മുഖേന മുസ്ലിം സമുദായത്തിലെ അംഗങ്ങളുടെ 200 ഓളം വോട്ടുകൾ ഇല്ലാതാക്കാൻ ഒരു വനിതാ ബി.എൽ.ഒയെ രാഷ്ട്രീയക്കാർ പ്രേരിപ്പിച്ചു.
അനുസരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ബി.എൽ.ഒയെ ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തി. യോഗ്യരായ വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ താനും മറ്റ് ആക്ടിവിസ്റ്റുകളും വിഷയം ഉന്നയിച്ച് തെരുവിലിറങ്ങുന്നത് തുടരും.
തെരഞ്ഞെടുപ്പ് പരിഷ്കരണ പ്രക്രിയയിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ രേഖപ്പെടുത്തണമെന്നും ആക്ടിവിസ്റ്റുകൾക്ക് അവരുടെ ആശങ്കകൾ ഉന്നയിച്ചുകൊണ്ടുള്ള വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിടണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.