ഭാഷകള്‍ക്കിടയിലെ പാലമായി ഡി.ബി.ടി.എ
ബംഗളൂരു: ഭാഷകൾക്കിടയിലെ അകലം മൂലം ഗവേഷണം സാധ്യമാകാതെ പോയ ഏതാനും പുസ്തകങ്ങൾ ഉണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ (ഡി.ബി.ടി.എ) എന്ന ആശയത്തിന്റെ ജനനം.
ഡി.ബി.ടി.എയുടെ സ്ഥാപകയും പ്രസിഡന്റുമായ ഡോ. സുഷ്മ ശങ്കറിന്റെ പി.എച്ച്.ഡി. ഗവേഷണവിഷയം ‘ദ്രാവിഡ ഭാഷാ ജ്ഞാനപീഠ പുരസ്കൃത കൃതികൾ-ഒരു പഠനം’ എന്നതായിരുന്നു. കന്നഡയിൽ നടത്തിയ ഈ ഗവേഷണത്തിൽ കന്നഡ, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ 19 ജ്ഞാനപീഠ പുരസ്കൃത കൃതികളാണ് പഠനവിധേയമാക്കിയത്. കന്നഡയും മലയാളവും അനായാസം കീഴടക്കിയെങ്കിലും തമിഴ്, തെലുങ്ക് കൃതികളെ ഗവേഷണ ബുദ്ധിയോടെ പ്രാപിക്കാന്‍ വിവർത്തനങ്ങളെ ആശ്രയിക്കേണ്ടിവന്നു.
ഗവേഷണത്തിന് ആവശ്യമായ പുസ്തകങ്ങൾ തേടി സാഹിത്യ അക്കാദമികളിലും ഗ്രന്ഥശാലകളിലും പുസ്തകശാലകളിലും സാഹിത്യകേന്ദ്രങ്ങളിലുമെല്ലാം അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഈ അന്വേഷണം പുതിയൊരു വഴിയിലേക്കാണ് സുഷമയെ നയിച്ചത്. തമിഴും തെലുങ്കും പഠിക്കാൻ സുഷ്മ ആരംഭിക്കുകയും കൃതികൾ സ്വയം കന്നഡയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു. ഇതിലൂടെ പുതിയ പാഠം സുഷ്മ പഠിക്കുകയായിരുന്നു.
വിവർത്തനത്തിലൂടെ വാക്കുകളുടെ കൈമാറ്റം മാത്രമല്ല നടക്കുന്നത് എന്നും ഒരു സാഹിത്യലോകത്തെ മറ്റൊരു സാഹിത്യലോകവുമായി ബന്ധിപ്പിക്കുന്ന പാലമാണ് വിവര്‍ത്തനമെന്നും തിരിച്ചറിഞ്ഞു. ഭാവിയില്‍ വിവര്‍ത്തനത്തിലേക്ക് കടന്നു വരുന്നവര്‍ക്ക് താൻ നേരിട്ട ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരരുത് എന്ന ആഗ്രഹത്തിൽ നിന്നാണ് ദ്രാവിഡ ഭാഷകൾക്കിടയിൽ വിവർത്തനത്തിനും സംവാദത്തിനും സാഹിത്യ വിനിമയത്തിനും ഒരു വേദി വേണമെന്ന ആശയം രൂപപ്പെട്ടത്. മുതിർന്ന സാഹിത്യകാരന്മാരുടെയും വിവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും പ്രോത്സാഹനത്തോടെ ആശയം ഒരു സംഘടനയായി വളർന്നു.
24 അംഗങ്ങളിൽ നിന്ന് 124 അംഗങ്ങളിലേക്ക് ഉയര്‍ന്നു. 2021 സെപ്റ്റംബർ 19ന്, കോവിഡ് കാലത്ത് ഡി.ബി.ടി.എയുടെ ആദ്യ ഓൺലൈൻ യോഗം നടന്നത്. ഡോ. സുഷ്മ ശങ്കര്‍ ആദ്യ പ്രാസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വിവർത്തന ശിൽപശാലകൾ, സെമിനാറുകൾ, സാഹിത്യസംവാദങ്ങൾ, കവിയരങ്ങുകൾ, പുസ്തകപ്രസാധനം, വിവർത്തന പുരസ്കാരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഭാഷകൾക്കിടയിലെ സാഹിത്യപാലം ശക്തിപ്പെടുത്തുകയാണ് ഡി.ബി.ടി.എ.
അഞ്ചാം വാർഷികാഘോഷത്തിന് ബംഗളൂരുവിൽ വേദിയൊരുങ്ങുന്നു
അഞ്ചുവർഷത്തെ ഈ യാത്രയുടെ ആഘോഷമായി ശനിയാഴ്ച ബംഗളൂരുവിലെ കന്നഡ ഭവനിലെ നയന സഭാംഗണത്തിൽ ഡി.ബി.ടി.എയുടെ അഞ്ചാം വാർഷികാഘോഷവും ദ്രാവിഡ ഭാഷാ വിവർത്തന പുരസ്കാര സമർപ്പണവും നടക്കും.
ഈ വർഷത്തെ ഡി.ബി.ടി.എ തെലുങ്ക് വിവർത്തന പുരസ്കാരം, തമിഴ് എഴുത്തുകാരനായ മുത്തുനാഗയുടെ ‘സുലുന്ധീ’ എന്ന കൃതി തെലുങ്കിലേക്ക് വിവർത്തനം ചെയ്ത ബൊള്ളി രാമസ്വാമി രാഘുപതിക്ക് കർണാടക സർക്കാറിന്റെ കന്നഡ വികസന പ്രാധികാരത്തിന്റെ അധ്യക്ഷൻ ഡോ. പുരുഷോത്തമ ബിളിമലെ പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.