ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഫ്രീഡം പാര്‍ക്കിളല്‍ കർണാടക കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ മുഖ്യമന്ത്രിയും മുൻമുഖ്യമന്ത്രിയടക്കം പങ്കെടുത്തപ്പോൾ
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് പ്രതിഷേധം
ബംഗളൂരു: തെരഞ്ഞെടുപ്പ് കമീഷന്‍റെ എസ്.ഐ.ആർ നടപടിക്രമങ്ങൾക്കെതിരെ കർണാടക കോൺഗ്രസ് ശനിയാഴ്ച ഫ്രീഡം പാർക്കിൽ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരുടെ എതിർപ്പുകൾ വകവെക്കാതെയാണ് ഗ്യാനേഷ് കുമാര്‍ നിരവധി തീരുമാനങ്ങൾ എടുത്തതെന്ന് മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് പാർട്ടി നേതാക്കൾ ആരോപിച്ചു.
ഇതിലൂടെ ധാരാളം വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കിയതായി അവർ ആരോപിച്ചു. ഗ്യാനേഷ് കുമാറിന്റെ ഇത്തരം പ്രവൃത്തികള്‍ ജനാധിപത്യത്തിനും ഭരണഘടനക്കും എതിരാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. വോട്ടർ പട്ടികയുടെ എസ്.ഐ.ആര്‍ നടപ്പാക്കുന്നതില്‍ എതിർപ്പില്ലെന്നും അത് രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെ എതിര്‍ക്കുമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
യോഗ്യതയുള്ള എല്ലാ പൗരന്മാർക്കും വോട്ടവകാശം വിനിയോഗിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യ ജനാധിപത്യ രാജ്യമാണ് സ്വേച്ഛാധിപത്യമല്ല എന്നും പ്രതിപക്ഷത്തിന് അവരുടെ ആശങ്കകൾ പ്രകടിപ്പിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്തകൊണ്ട് ഗ്യാനേഷ് കുമാറിനെ പുറത്താക്കുകയോ സ്വമേധയാ അദ്ദേഹം രാജിവെക്കുകയോ ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു പറഞ്ഞു. രാജ്യത്തിന്‍റെ ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുപ്രീം കോടതി കൈകാര്യം ചെയ്യുന്ന രീതിയെയും റാവു വിമർശിച്ചു. ജഡ്ജിമാർ ആത്മപരിശോധന നടത്തി ഉചിതമായ തീരുമാനങ്ങൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റ് ബി.കെ. ഹരിപ്രസാദ്, മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, വീരപ്പ മൊയ്‌ലി, എ.ഐ.സി.സി സെക്രട്ടറി ഗോപിനാഥ് പളനിയപ്പൻ, സംസ്ഥാന മന്ത്രിമാർ, നിയമസഭാംഗങ്ങൾ തുടങ്ങി നിരവധി മുതിർന്ന പാർട്ടി നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.