മല്ലികാർജുൻ ഖാർഗെ, പവൻ ഖേര, മൻസൂർ അലി ഖാൻ, നാഗരാജ്
ബംഗളൂരു: കർണാടകയിൽ നിന്ന് നാല് സീറ്റുകളിലേക്ക് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ മൂന്നു കോണ്‍ ഗ്രസ് സ്ഥാനാർഥികളും ഒരു ബി.ജെ.പി സ്ഥാനാർഥിയും തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ.സി.സി പ്രസിഡന്‍റും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി മീഡിയ ആൻഡ് പബ്ലിസിറ്റി വകുപ്പ് ചെയർമാൻ പവൻ ഖേര, എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലി ഖാൻ, ബി.ജെ.പി നേതാവ് എം. നാഗരാജ് എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
മുൻ കേന്ദ്രമന്ത്രി കെ. റഹ്മാൻ ഖാന്‍റെ മകനാണ് മൻസൂർ അലി ഖാൻ. മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ പൊളിറ്റിക്കൽ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഖേരയുടെ പാർലമെന്‍റിലേക്കുള്ള ആദ്യ പ്രവേശനമാണിത്. നാല് സീറ്റുകളിലേക്ക് ആയിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച അഞ്ച് സ്ഥാനാർത്ഥികൾപത്രിക സമർപ്പിച്ചിരുന്നു. സൂക്ഷ്മപരിശോധനയിൽ സ്വതന്ത്ര സ്ഥാനാർഥി സമർപ്പിച്ച നാമനിർദ്ദേശ പത്രിക തള്ളി.
സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. നാലു സ്ഥാനാർത്ഥികൾ നാമനിർദ്ദേശം സമർപ്പിച്ചതോടെ എതിരില്ലാതെ തെരഞ്ഞെടുപ്പ് നടക്കുകയും നാലുപേരെയും എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് നിയമസഭാ സെക്രട്ടറി എം.കെ. വിശാലാക്ഷി ഫലം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.