ബംഗളൂരു: മറാത്തി സംസാരിക്കാത്തതിന്റെ പേരിൽ മഹാരാഷ്ട്രയിലും ബെളഗാവിയിലും ആർ.ടി.സി ബസ് ജീവനക്കാർക്കുനേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കന്നട അനുകൂല സംഘടനകൾ മാർച്ച് 22ന് സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചു.
ബംഗളൂരുവിൽ വിവിധ കന്നട ഗ്രൂപ്പുകളുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം കന്നട ഒക്കുട്ട (സംയുക്ത വേദി) ചെയർമാൻ നാഗരാജാണ് ബന്ദ് പ്രഖ്യാപിച്ചത്. പിന്തുണക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യർഥിച്ച നാഗരാജ് കന്നട സിനിമ വ്യവസായം, സർക്കാർ ജീവനക്കാർ, സ്കൂളുകൾ, ക്യാമ്പ് സർവിസുകൾ എന്നിവ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര ഏകീകരൺ സമിതി (എം.ഇ.എസ്), ശിവസേന തുടങ്ങിയ മറാത്തി സംസാരിക്കുന്ന ഗ്രൂപ്പുകളുടെ സ്വാധീനം നിയന്ത്രിക്കുന്നതിൽ തുടർച്ചയായ സർക്കാറുകൾ പരാജയപ്പെട്ടുവെന്ന് നാഗരാജ് ആരോപിച്ചു. ബെളഗാവി കർണാടകയുടേതാണോ അതോ മഹാരാഷ്ട്രയുടേതാണോ എന്ന തർക്കവിഷയത്തിൽ വ്യക്തമായ പരിഹാരം ആവശ്യമുണ്ട്. എം.ഇ.എസിനെ നിരോധിക്കയാണ് വേണ്ടത്.
ബന്ദിന്റെ മുന്നോടിയായി മാർച്ച് തിങ്കളാഴ്ച ബംഗളൂരു ടൗൺ ഹാളിൽനിന്ന് ഫ്രീഡം പാർക്കിലേക്ക് നിശബ്ദ മാർച്ചോടെ ആരംഭിക്കുന്ന പ്രതിഷേധ പരമ്പരകളും ആസൂത്രണം ചെയ്തിട്ടുണ്ട്. മാർച്ച് ഏഴിന് ‘ബെളഗാവി ചലോ’ പ്രതിഷേധവും നടക്കും. മാർച്ച് 11 നും 16 നും കർണാടക അതിർത്തിക്കടുത്തുള്ള ആറ്റിബെലെ, ഹോസ്കോട്ടെ ടോൾ പ്ലാസകളിൽ യഥാക്രമം ബന്ദുകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.