സോനു നിഗം
ബംഗളൂരു: കന്നട വിരുദ്ധ പരാമർശത്തിന്റെ പേരിൽ ബോളിവുഡ് ഗായകൻ സോനു നിഗമിനെതിരെ ബംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ തുടർനടപടി താൽക്കാലികമായി തടഞ്ഞ് കർണാടക ഹൈകോടതി. സോനു നിഗം സമർപ്പിച്ച ഹരജി പരിഗണിച്ച കോടതി കേസിൽ അടുത്ത വാദം കേൾക്കുന്ന ദിവസം വരെയാണ് പൊലീസ് നടപടി തടഞ്ഞത്. ബംഗളൂരുവിൽ നടന്ന സംഗീത പരിപാടിക്കിടെ നടത്തിയ പരാമർശം കന്നട ഭാഷയെയും കന്നടിഗരെയും അവമതിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗായകനെതിരെ കേസെടുത്തത്.
കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ നേരിട്ട് ഹാജരാകുന്നതിന് പകരം വിഡിയോ കോൺഫറൻസിങ് വഴി മൊഴി നൽകാനും ഹൈകോടതി ഗായകന് അനുമതി നൽകി. നേരിട്ട് ഹാജരാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നിർബന്ധംപിടിക്കുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ സോനു നിഗമിന്റെ അടുക്കൽവന്ന് മൊഴിയെടുക്കണമെന്നും ഇതിന്റെ ചെലവ് സോനു നിഗം വഹിക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. ബംഗളൂരുവിൽ അടുത്തിടെ നടന്ന സംഗീത പരിപാടിക്കിടെ ചില ആരാധകർ കന്നട ഗാനം ആവശ്യപ്പെട്ടതാണ് വിവാദ പരാമർശത്തിനിടയാക്കിയത്. ആവശ്യം അംഗീകരിക്കാതിരുന്ന സോനു നിഗം ‘ഇതുകൊണ്ടാണ് പഹൽഗാം സംഭവിച്ചത്’ എന്ന് മറുപടി പറയുകയും ചെയ്തു. ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണത്തെ പരാമർശിച്ചായിരുന്നു ഗായകന്റെ മറുപടി. ഈ പരാമർശത്തിനെതിരെ കന്നട അനുകൂല സംഘടനകളും രാഷ്ട്രീയ നേതാക്കളുമടക്കം രംഗത്തുവന്നിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വിവാദ പരാമർശത്തിൽ പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.