ബംഗളൂരു: കന്നഡ ഭാഷാ വിവാദത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് തമിഴ് നടൻ കമൽ ഹാസൻ. വിവാദ പരാമർശത്തിൽ വെള്ളിയാഴ്ചക്കകം മാപ്പ് പറയാത്ത പക്ഷം അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘തഗ് ലൈഫ്’ കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് നിലപാട് വ്യക്തമാക്കിയതിന് പിറകെയാണ് നടന്റെ മറുപടി. ‘
കർണാടകയോടുള്ള തന്റെ സ്നേഹം സത്യസന്ധമാണെന്നും നിയമത്തിലും നീതിയിലുമാണ് താൻ വിശ്വസിക്കുന്നതെന്നും കമൽ ഹാസൻ പറഞ്ഞു. തന്റെ സിനിമ പ്രദർശിപ്പിക്കില്ലെന്ന് ഭീഷണിപ്പെടുത്തി മാപ്പു പറയിക്കേണ്ടെന്നും കന്നഡ അനുകൂല സംഘടനകൾ മുമ്പും തനിക്കെതിരെ ബഹിഷ്കരണ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇതൊരു ജനാധിപത്യ രാജ്യമാണ്. നിയമത്തിലും നീതിയിലും ഞാൻ വിശ്വസിക്കുന്നു. സ്നേഹമാണ് എപ്പോഴും വിജയിക്കുകയെന്ന് ഞാൻ വിശ്വസിക്കുന്നു.
കർണാടകയോടും കേരളത്തോടും ആന്ധ്രയോടും എനിക്കുള്ള സ്നേഹം സത്യമാണ്. പ്രത്യേക അജണ്ടയുള്ളവരല്ലാതെ മറ്റാരും അതിനെ സംശയിക്കില്ല. ഞാൻ തെറ്റുകാരനാണെങ്കിൽ ഞാൻ മാപ്പു പറയാം. ഞാൻ തെറ്റുകാരനല്ലെങ്കിൽ മാപ്പുമില്ല- ചെന്നൈയിൽ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിന് മുന്നിൽ മാധ്യമപ്രവർത്തകരോടായി അദ്ദേഹം പ്രതികരിച്ചു. തന്റെ പുതിയ സിനിമയായ ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചിങ് വേളയിലാണ് കമൽ ഹാസൻ വിവാദ പരാമർശം നടത്തിയത്.
കന്നഡ ഭാഷക്കുപോലും ജന്മം നൽകിയത് തമിഴ് ഭാഷയാണെന്ന കമൽഹാസന്റെ പ്രസ്താവനയാണ് വിവാദമായത്. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും സ്നേഹത്തോടെ പറഞ്ഞ വാക്കുകളിൽ ഖേദപ്രകടനമില്ലെന്നും കമൽ ഹാസൻ ആദ്യമെ പ്രതികരിച്ചിരുന്നു. കമലിന്റെ പ്രസ്താവന കന്നഡ ഭാഷയെ ഇകഴ്ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കന്നഡ അനുകൂല സംഘടനകൾ കർണാടകയിലുടനീളം പ്രതിഷേധം സംഘടിപ്പിക്കുകയും ബംഗളൂരു പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കന്നഡയുടെ ചരിത്രത്തെ കുറിച്ച് കമൽ ഹാസന് അറിവില്ലായ്മയാണെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.