മംഗളൂരു: അനധികൃതമായി ഇരുമ്പയിര് കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഉത്തര കന്നട ജില്ലയിലെ കാർവാർ മണ്ഡലം കോൺഗ്രസ് എം.എൽ.എ സതീഷ് കൃഷ്ണ സെയ്ലിന്റെ (59) 64 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. സെയിലിനെ സെപ്റ്റംബറിൽ ഫെഡറൽ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് ഇടക്കാല ജാമ്യം അനുവദിച്ചു.
ഗോവയിലെ മോർമുഗോവയിലെ ചിക്കാലിം വില്ലേജിലെ 12,500 ചതുരശ്ര മീറ്റർ തുറസ്സായ ഭൂമി, മോർമുഗോവ താലൂക്കിലെ പെഡ്രോ ഗാലെ കോട്ട എന്നറിയപ്പെടുന്ന 16,850 ചതുരശ്ര മീറ്റർ ഭൂമി, വാസ്കോഡ ഗാമയിലെ വാണിജ്യ കെട്ടിടത്തിന്റെ ഒന്നിലധികം നിലകൾ എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. സെയിലുമായി ബന്ധമുള്ള ഒരു കമ്പനി നിയമവിരുദ്ധമായി ഇരുമ്പയിര് കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്.
2010ൽ കർണാടക ലോകായുക്ത കേസ് അന്വേഷിച്ചപ്പോൾ, ബെല്ലാരിയിൽനിന്ന് ബെലെക്കേരി തുറമുഖത്തേക്ക് ഏകദേശം എട്ട് ലക്ഷം ടൺ ഇരുമ്പയിര് നിയമവിരുദ്ധമായി കടത്തിയതായി കണ്ടെത്തിയിരുന്നു. ഗോവ ആസ്ഥാനമായ ശ്രീ മല്ലികാർജുൻ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി എന്ന നിലയിൽ സെയിൽ, വിതരണക്കാരിൽനിന്ന് 1.54 ലക്ഷം മെട്രിക് ടൺ ഇരുമ്പയിര് വാങ്ങി. എം.വി കൊളംബിയ, എം.വി മന്ദാരിൻ ഹാർവെസ്റ്റ് തുടങ്ങിയ കപ്പലുകൾ വഴി ചൈനയിലേക്ക് കയറ്റിയയച്ചു. ഹോങ്കോങ്ങിൽ മറ്റൊരു കമ്പനി തുറന്നതായും ഇ.ഡി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.