സി.ജെ റോയ്
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ് ചെയര്മാന് സി.ജെ. റോയിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം. സംഭവ ദിവസം റോയ് ഒന്നിലധികം ഇന്റര്‍നെറ്റ് കോളുകള്‍ നടത്തിയതായി സംഘം കണ്ടെത്തി. ആരെയാണ് ബന്ധപ്പെട്ടതെന്ന് വ്യക്തമല്ല എന്നതിനാല്‍ ഇവയുടെ ഐ.പി അഡ്രസുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. വിദേശത്തുള്ള പണമിടപാടുകള്‍ സംബന്ധിച്ചു അന്വേഷണം വ്യാപിപ്പിക്കും. റോയി ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണങ്ങളും ബിസിനസ് രേഖകളും ഒരാഴ്ചക്കുള്ളില്‍ ദുബൈയില്‍നിന്നും ഹാജരാക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടു. റോയിയുടെ വിശ്വസ്തരുടെയും ഓഫിസ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തുന്നത് തുടരും. ദുബൈയില്‍നിന്നും എത്തിയ റോയിയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി. റോയി അതീവ സന്തോഷവാന്‍ ആയിരുന്നു.
20 ജോടി വസ്ത്രങ്ങള്‍ ,10 ബ്രാന്‍ഡഡ് ഷൂ എന്നിവ കൊണ്ടുവന്നു. രണ്ട് ലക്ഷ്വറി കാറില്‍ ഒന്നില്‍ റോയിയും മറ്റേ കാറില്‍ ലഗേജും കയറ്റി എന്നീ വിവരങ്ങളാണ് ഡ്രൈവറുടെ മൊഴിയില്‍ രേഖപ്പെടുത്തിയത്. ബംഗളൂരുവിലെ വീട്ടില്‍ നിർമാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സ്വകാര്യ ഹോട്ടലിലാണ് റോയ് താമസിച്ചത്. ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും പുരോഗമിക്കുന്നു. റോയി ഹോട്ടലില്‍ താമസിച്ച ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍, സന്ദര്‍ശകരുടെ ലിസ്റ്റ്, പെയ്മെന്റ് ഏത് രീതിയില്‍ നടത്തി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്കാന് ഹോട്ടല്‍ മാനേജ്മെന്റിനോട് എസ്.ഐ.ടി ആവശ്യപ്പെട്ടു.
ഐ.ടി ഉദ്യോഗസ്ഥരുടെ സമ്മർദം, കുടുംബ പ്രശ്നം, ബിസിനസിലെ പ്രശ്നങ്ങള്‍ എന്നിവയിലേതെങ്കിലുമാണോ ആത്മഹത്യയുടെ പ്രധാന കാരണം എന്നതാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള പ്രധാന ചോദ്യം. തന്റെ ബിസിനസിനായി ലോണ്‍ എടുത്തിരുന്നില്ല എന്നു മാധ്യമങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനാല്‍ പണത്തിന്റെ ഉറവിടം ഏതാണെന്നും നിലവില്‍ എവിടെയൊക്കെ പ്രോജക്ടുകള്‍ നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം വിലയിരുത്തും.
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയുടെ മരണത്തിൽ ഉയരുന്ന ദുരൂഹതകളും ആദായ നികുതി റെയ്ഡിൽ മറഞ്ഞിരിക്കുന്ന ചട്ട ലംഘനങ്ങളും അന്വേഷിക്കണമെന്ന് കർണാടക സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ കേരള ഹൈകോടതി അഭിഭാഷകന്റെ പരാതി. കേരള ഹൈകോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ്ങാണ് കർണാടക സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി നൽകിയത്. ജനുവരി 30 വെള്ളിയാഴ്ച ബംഗളൂരു കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോൺസൽ ഓഫിസിൽ സ്വയം വെടിവെച്ചാണ് റോയ് മരിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
മരണം സംഭവിച്ച ദിവസം ഓഫിസിൽ റോയ് വന്ന സമയത്തെക്കുറിച്ച് ഓഫിസ് ജീവനക്കാരും ആദായ നികുതി ഉദ്യോഗസ്ഥരും പൊലീസിന് നൽകിയ മൊഴിയിൽ വലിയ വൈരുധ്യങ്ങളുണ്ട്. ആദായ നികുതി ഉദ്യോഗസ്ഥർ സാധാരണ നടത്തുന്ന നടപടി ക്രമങ്ങൾക്ക് വിരുദ്ധമായാണ് സി.ജെ. റോയിയുടെ സ്ഥാപനത്തിലെ റെയ്ഡിലെ രീതികളെന്ന് വ്യക്തമാണ്. പല ദിവസങ്ങളിലായി റെയ്ഡ് നടത്തിയതും പല കാരണങ്ങൾ പറഞ്ഞ് രണ്ടും മൂന്നും ഉദ്യോഗസ്ഥർ പല ഘട്ടങ്ങളിലായി സി.ജെ. റോയുമായി ഇടപഴകിയതിലും ദുരൂഹതയുണ്ട്. റെയ്ഡിന്റെ മറവിലെ ഇടപാടുകളും മനുഷ്യാവകാശ ലംഘനങ്ങളും പുറത്ത് വരാതിരിക്കാൻ ആദായ നികുതി ഉദ്യോഗസ്ഥർ സംഘടിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ കർണാടക സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.