അനധികൃത കുടിയേറ്റ കേസിൽ ശിക്ഷിക്കപ്പെട്ടവർ
മംഗളൂരു: അനധികൃത കുടിയേറ്റ കേസിൽ ഉഡുപ്പി പ്രിൻസിപ്പൽ സീനിയർ സിവിൽ ജഡ്ജി-സി.ജെ.എം കോടതി 10 ബംഗ്ലാദേശി പൗരന്മാർക്ക് രണ്ട് വർഷം തടവും 10,000 രൂപ വീതം പിഴയും വിധിച്ചു.
ഹകീം അലി (30), എസ്.കെ. ഫാറൂഖി സുജോൺ (33), മുഹമ്മദ് ഇസ്മായിൽ ഹഖ് ഇസ്മായിൽ (29), അബ്ദുൽ കരീം (35), എം.ഡി. അബ്ദുൽ അസീസ് സലാം (34), രാജിക്കുൾ (35), എം.ഡി അലൻ അലി മുഹമ്മദ് സോജിബ് (31), അബ്ദുർറഹ്മാൻ റിമുൾ (28), മുഹമ്മദ് ഇമാം ശൈഖ് (27), മുഹമ്മദ് ജഹാംഗീർ ആലം (26) എന്നിവർക്കാണ് ശിക്ഷ.
2024 ഒക്ടോബർ 11ന് മാൽപെ പൊലീസ് സ്റ്റേഷനിലെ എസ്.ഐ പ്രവീൺ കുമാർ ആർ, വടബന്ദേശ്വര ബസ് സ്റ്റാൻഡിന് സമീപം പട്രോളിങ്ങിനിടെ സംശയാസ്പദമായി ഏഴ് വ്യക്തികൾ ലഗേജുമായി നീങ്ങുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് കേസ് ആരംഭിച്ചത്. ചോദ്യം ചെയ്തപ്പോൾ ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കുന്ന സാധുവായ രേഖകൾ നൽകാൻ യുവാക്കൾക്ക് കഴിഞ്ഞില്ല.
കൂടുതൽ അന്വേഷണത്തിൽ പ്രതികൾ ബംഗ്ലാദേശിൽനിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതായും വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് പഡുതോൻസ് ഗ്രാമത്തിലെ ഹൂഡെയിൽ താമസിച്ചിരുന്നതായും കണ്ടെത്തി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ, വിദേശി നിയമം, ആധാർ നിയമം എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് മാൽപെ പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 138/2025 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിൽ മൂന്ന് അനധികൃത കുടിയേറ്റക്കാരെ കൂടി പിടികൂടിയതോടെ ആകെ പ്രതികളുടെ എണ്ണം പത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.