ബാം​ഗ്ലൂ​ര്‍ ബ​ട്ട​ര്‍ഫ്ലൈ ക്ല​ബ് ന​ട​ത്തി​യ ചി​ത്ര​ശ​ല​ഭ സ​ര്‍വേ​യി​ല്‍ പ​ങ്കെടുത്തവർ

നഗര‘വന’ത്തിൽ ചിത്രശലഭളെ തേടുന്നവർ

ബംഗളൂരു: നഗരത്തിന്‍റെ തിരക്കുകള്‍ക്കിടയിലും ചിത്രശലഭങ്ങളുടെ വൈവിധ്യങ്ങള്‍ തേടുകയാണ് ഒരു സംഘം. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ബാംഗ്ലൂര്‍ ബട്ടര്‍ഫ്ലൈ ക്ലബ് അതിനൊരു വേദിയായി മാറുകയാണ്. മലയാളിയായ കെ.എം. ഹനീഷ്, അശോക് സെന്‍ ഗുപ്ത, രോഹിത് ഗിരോത്ര, നിതിന്‍, എന്നിവരാണ് ബാംഗ്ലൂര്‍ ബട്ടര്‍ഫ്ലൈ ക്ലബ് എന്ന ആശയത്തിന് പിറകില്‍. വാരാന്ത്യങ്ങളില്‍ ഷോപ്പിങ് മാളുകളിലും ഫുഡ് സ്ട്രീറ്റ്കളിലും അലസമായി അലഞ്ഞുതിരിയുന്നതിന് പകരം പ്രകൃതിയെ അറിയാനുള്ള വേളകളാക്കി മാറ്റുകയാണ് ബാംഗ്ലൂര്‍ ബട്ടര്‍ഫ്ലൈ ‍ക്ലബ്.

ഓരോ വാരാന്ത്യങ്ങളിലും 20ഓളം പേരടങ്ങുന്ന സംഘത്തിനൊപ്പം നഗരത്തിലെ റിസര്‍വ് വനങ്ങളില്‍ ചിത്രശലഭങ്ങളെ തേടിയിറങ്ങുയാണ് ഇവര്‍. നിശാ ശലഭങ്ങളിലാണ് ആദ്യം തല്‍പര്യം തോന്നിയതെന്ന് ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്സിറ്റി പ്രഫസറായ ഹനീഷ് പറയുന്നു. പഠന കാലഘട്ടത്തില്‍ ഹോസ്റ്റല്‍ മുറികളില്‍ രാത്രികളില്‍ ചേക്കേറിയിരുന്ന നിശാശലഭത്തെ തെല്ലൊരു കൗതുകത്തോടെയാണ് നോക്കിയിരുന്നത്. കൗതുകം കൂടുതല്‍ അറിയാനുള്ള ത്വരയായി. രാത്രികളില്‍ വന്നുപോകുന്ന അതിഥിയുടെ ഫോട്ടോ എടുത്തും അവയെക്കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങളിലേക്കും കടന്നു. പിന്നീട് നിരീക്ഷണം ചിത്രശലഭത്തിലേക്ക് തിരിഞ്ഞു.

ബ​ട്ട​ര്‍ഫ്ലൈ ക്ല​ബിലെ വി. ​നാ​ഗ​രാ​ജ്, രോ​ഹി​ത് ഗി​രോ​ത്ര, കെ.​എം. ഹ​നീ​ഷ്, എ.​കെ. ഫി​റോ​സ്

വിനോദത്തിനായാണ് ചിത്രശലഭ നിരീക്ഷണം ആരംഭിച്ചതെങ്കിലും ഇതുവരെ 50ഓളം ചിത്രശലഭ സര്‍വേകളില്‍ പങ്കെടുക്കാനും 15ഓളം പുതിയ സ്പീഷീസിനെ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട് ഹനീഷിന്. തുടക്കത്തില്‍ ചിത്രശലഭ നിരീക്ഷണം വിഷമകരമായിരുന്നു. ഒരേ താല്പര്യമുള്ളവര്‍ സംഘത്തില്‍ വന്നുചേര്‍ന്നതോടെ കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ അവയെ തിരിച്ചറിയാന്‍ സാധിച്ചു. പക്ഷേ പതിവായി ഒരു സംഘം ആളുകള്‍ നിരീക്ഷണത്തിന് തയ്യാറായപ്പോള്‍ അവര്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കി. നാഷനല്‍ സെന്‍റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിലുള്ള (എന്‍.‌സി‌.ബി‌.എസ്) ശാസ്ത്രഞ്ജര്‍ നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് ചിത്രശലഭ നിരീക്ഷണം കൂടുതൽ ‍ഗൗരവമായി സംഘം ഏറ്റെടുത്തു.

അരമണിക്കൂറില്‍ പ്രത്യേക ട്രയല്‍ ഏരിയയില്‍ ഉള്ള ചിത്ര ശലഭങ്ങളുടെ കണക്കെടുക്കുയയാണ് സര്‍വേയിലൂടെ ചെയ്യുന്നത്. ലോക് ഡൗണ്‍ സമയത്ത് പുതിയ സ്പീഷീസിനെ കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് ഹനീഷിന് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നത്. ഡി.ആര്‍.ഡി.ഒയില്‍ ശാസ്ത്രഞ്ജനും കോഴിക്കോട് സ്വദേശിയുമായ എ.കെ. ഫിറോസും ജോലിത്തിരക്കിനിടയിലും സര്‍വേയിലെ നിത്യ സാന്നിധ്യമാണ്. കേരളത്തിലും പുറത്തുമായി ഇതിനകം 20ഓളം സര്‍വേയില്‍ ഇദ്ദേഹം പങ്കെടുത്തുകഴിഞ്ഞു. അപൂര്‍വമായ പല സ്പീഷീസുകളെയും കണ്ടെത്താന്‍ കഴിഞ്ഞുവെന്നതും വലിയ നേട്ടമായി കാണുന്നുവെന്ന് ഫിറോസ് പറയുന്നു.

നിലവില്‍ ബംഗളൂരുവില്‍ ചിത്രശലഭങ്ങളുടെ ഏകദേശം 178 സ്പീഷീസുകള്‍ ഉണ്ട്. ആളുകളില്‍ കൃത്യമായ അവബോധം നല്‍കിയാല്‍ ഇവയെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ഇരുവരും ഏക സ്വരത്തില്‍ പറയുന്നു. അതുപോലെ സ്കൂളുകളിലും പാര്‍ക്കുകളിലും ചിത്രശലഭ പാര്‍ക്കുകള്‍ നിർമിക്കുക എന്ന ആശയം നടപ്പാക്കാന്‍ ശ്രമിക്കണം. ഓരോ വാരാന്ത്യത്തിലും ബാംഗ്ലൂര്‍ ബട്ടര്‍ഫ്ലൈ ക്ലബ്ബിലേക്ക് നിരവധി പേര്‍ എത്തുന്നുണ്ട്. ചിലര്‍ക്ക് പ്രകൃതിയെ അടുത്തറിഞ്ഞുള്ള വെറുമൊരു നടത്തമാണെങ്കില്‍ മറ്റ് ചിലര്‍ക്ക് ഗവേഷണത്തിന്‍റെ ആദ്യപടിയാണിത്. കുട്ടികളും മുതിര്‍ന്നവരും ഈ സംഘത്തിലേക്ക് ചേക്കേറാന്‍ ആവേശം കാണിക്കുമ്പോള്‍ ചിത്രശലഭത്തിലെ വൈവിധ്യം നേരില്‍ കാണാനുള്ള അപൂര്‍വ അവസരം കൂടിയായി ഈ യാത്ര മാറുന്നു.

Tags:    
News Summary - A group is searching for a variety of butterflies in the city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.