ബംഗളൂരു: നഗരത്തിലെ വായു മലിനീകരണമളക്കാൻ ജോയന്റ് കമ്മിറ്റി രൂപവത്കരിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്സൈഡിന്റെ അളവിനെയാണ് കമ്മിറ്റി പഠനവിധേയമാക്കുന്നത്.
ബംഗളൂരു ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിലെ വർധിച്ച നൈട്രജൻ ഡയോക്സൈഡിന്റെ അളവും അത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുമുൾപ്പെടുന്ന പഠനങ്ങളെക്കുറിച്ച മാധ്യമ റിപ്പോർട്ടുകളെത്തുടർന്നാണ് ഹരിത ട്രൈബ്യൂണൽ കമ്മിറ്റി രൂപവത്കരിച്ചത്.
കർണാടക സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ്, കേന്ദ്ര മലിനീകരണ നിയന്ത്രണ മന്ത്രാലയം, വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം എന്നിവരാണ് കമ്മിറ്റിയിലുൾപ്പെടുന്നത്.
ലോകാരോഗ്യസംഘടന നിശ്ചയിച്ചതിനെക്കാൾ ഇരട്ടിയിലധികമാണ് നിലവിൽ നഗരത്തിലെ നൈട്രജൻ ഓക്സൈഡിന്റെ അളവ് എന്നതിനാൽ എത്രയും പെട്ടെന്ന് നടപടികളെടുക്കേണ്ടതുണ്ടെന്നും അതിന് മുന്നോടിയായാണ് പഠനം നടത്തുന്നതെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ പറയുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ മന്ത്രാലയമായിരിക്കും കമ്മിറ്റിയുടെ നോഡൽ അതോറിറ്റി.
രണ്ട് മാസമാണ് റിപ്പോർട്ട് സമർപ്പിക്കാനായി ജോയന്റ് കമ്മിറ്റിക്ക് ഹരിത ട്രൈബ്യൂണൽ സമയം നൽകിയിരിക്കുന്നത്. നഗരത്തിൽ ബി.ടി.എം ലേഔട്ട്, സിൽക്ക് ബോർഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വാഹനങ്ങളിൽനിന്നാണ് നൈട്രജൻ ഓക്സൈഡ് പ്രധാനമായും അന്തരീക്ഷത്തിലെത്തുന്നതെന്ന് പഠനങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.