ബംഗളൂരു: മൂന്ന് മാസത്തിനുള്ളിൽ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) സ്വത്ത് നികുതിയിനത്തില്‍ പിരിച്ചെടുത്തത് 2,949 കോടി രൂപ. ജി.ബി.എയുടെ പരിധിയില്‍ പെട്ട അഞ്ച് നഗര കോർപറേഷനുകളിലുടനീളം നടത്തിയ സ്വത്ത് നികുതി പിരിവിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി ജി.ബി.എ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏപ്രിൽ ഒന്നിനും ജൂൺ ഒമ്പതിനും ഇടയിൽ മൊത്തം 2,949.55 കോടി രൂപയാണ് സ്വത്ത് നികുതിയിനത്തില്‍ പിരിച്ചെടുത്തത്. വാർഷിക വരുമാന ലക്ഷ്യമായ 6,000 കോടി രൂപയുടെ 47 ശതമാനത്തോളം വരും ഇത്. നികുതിദായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ജി.ബി.എ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. പ്രോപ്പർട്ടി ടാക്സ് പേയ്മെന്റുകളിൽ അഞ്ച് ശതമാനമുള്ള റിബേറ്റ് ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം പോസിറ്റീവ് ആണെന്നും സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസങ്ങളിൽ നികുതി പിരിവ് വർധിക്കാൻ ഇത് സഹായിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ദീർഘകാലമായി കെട്ടിക്കിടക്കുന്ന സ്വത്തുക്കളെ നികുതി പരിധിയിൽ കൊണ്ടുവരുന്നതിനായി അവതരിപ്പിച്ച ബി-ടു-എ ഖാത്ത പദ്ധതിയും നികുതി വരുമന വർധനവിന് കാരണമായി. നിലവിൽ എല്ലാ ആഴ്ചയും 10 കോടി മുതൽ 13 കോടി രൂപ വരെ സ്വത്ത് നികുതി അതോറിറ്റി പിരിക്കുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. നികുതി കുടിശ്ശിക വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുക, കുടിശ്ശിക അധികമുള്ള സ്വത്ത് ഉടമകൾക്ക് നോട്ടിസ് അയക്കുക എന്നിവ കൂടാതെ നികുതി അടക്കാത്ത വാണിജ്യ കെട്ടിടങ്ങൾ പിടിച്ചെടുക്കാനുള്ള നടപടികളും നഗരസഭ ആരംഭിച്ചിട്ടുണ്ട്.
ജി.ബി.എക്ക് കീഴിലുള്ള അഞ്ച് സിറ്റി കോർപറേഷനുകളിൽ ഈസ്റ്റ് സിറ്റി കോർപറേഷനാണ് ഏറ്റവും കൂടുതൽ സ്വത്ത് നികുതി പിരിവ് നടത്തിയത്. ഏകദേശം 792 കോടി രൂപ. വെസ്റ്റ് സിറ്റി കോർപറേഷൻ രണ്ടാം സ്ഥാനം, സെൻട്രൽ സിറ്റി കോർപറേഷൻ മൂന്നാം സ്ഥാനം, സൗത്ത് സിറ്റി കോർപറേഷൻ നാലാം സ്ഥാനം, നോർത്ത് സിറ്റി കോർപറേഷനാണ് ഏറ്റവും കുറഞ്ഞ പിരിവ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.