സ്പെയർ വീൽ അഴിച്ചെടുത്ത വാഹനം
ബംഗളൂരു: മഹീന്ദ്ര ഥാർ വാഹനങ്ങളുടെ പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന സ്പെയർ വീലുകൾ മോഷ്ടിക്കുന്നസംഘം വിലസുന്നതായി പരാതി. പാർപ്പിട മേഖലകളിലാണ് മോഷണങ്ങൾ ഏറെ. ഈമാസം 18നു പുലർച്ച 1.30 നും 3.30 നും ഇടയിൽ മൈസൂരു കന്നട സാഹിത്യ പരിഷത്തിന് സമീപമുള്ള വിജയനഗർ രണ്ടാം സ്റ്റേജിലും ഐശ്വര്യ ആശുപത്രിക്കു പിന്നിലുള്ള വിജയനഗർ മൂന്നാം സ്റ്റേജിലും 14 ഥാർ വാഹനങ്ങളുടെ സ്പെയർ വീലുകൾ മോഷണം പോയി. മോഷ്ടിച്ച ചക്രങ്ങൾക്ക് 5,60,000 രൂപ വില കണക്കാക്കുന്നു.
പൊലീസ് പരിശോധിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ നിർത്തിയിട്ട ഥാർ വാഹനങ്ങളുടെ സ്പെയർ വീലുകൾ ലക്ഷ്യമാക്കി ഒരാൾ വാഹനം ഓടിക്കുന്നത് കാണാം.ഇയാൾ മാസങ്ങളായി വിവിധ റെസിഡൻഷ്യൽ റോഡുകളിലെ കാറുകൾ നിരീക്ഷിച്ചുവരുകയാണെന്നും കോമ്പൗണ്ട് ഭിത്തികൾക്ക് സമീപം പാർക്ക് ചെയ്ത അലോയ് വീൽ ഘടിപ്പിച്ച വാഹനങ്ങൾ തിരയുന്നുണ്ടെന്നും വിജയനഗർ പൊലീസ് ഇൻസ്പെക്ടർ എസ്.ഡി. സുരേഷ് കുമാർ പറഞ്ഞു.
വിജയനഗർ സെക്കൻഡ് സ്റ്റേജിൽനിന്നുള്ള സി.സി ടി.വി ദൃശ്യത്തിൽ മറ്റ് വാഹനങ്ങൾ കടന്നുപോകുമ്പോൾ രാത്രിയുടെ മറവിൽ തൊപ്പി ധരിച്ച ഒരാൾ സ്പെയർ വീൽ ശാന്തമായി ഊരിമാറ്റുന്നത് കാണാം. നീക്കം ചെയ്ത ശേഷം അയാൾ പെട്ടെന്ന് രക്ഷപ്പെടാൻ വേണ്ടി ചക്രം തന്റെ കാറിലേക്ക് ഉരുട്ടുന്നു. കുറ്റവാളികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും പൊലീസ് അന്വേഷണം തുടരുകയാണ്.
സ്റ്റൈലിഷ് ലുക്ക്, സ്റ്റീൽ വീലുകളെ അപേക്ഷിച്ച് ഭാരം കുറവ്, മെച്ചപ്പെട്ട ഇന്ധനക്ഷമത, മികച്ച ബ്രേക്കിങ് എന്നിവയുൾപ്പെടെ പ്രകടന ആനുകൂല്യങ്ങൾ എന്നിവ കാരണം വാഹന ഉടമകൾക്കിടയിൽ അലോയ് വീലുകൾ ജനപ്രിയ ഇനമാണ്. ഉയർന്ന പുനർവിൽപന മൂല്യം കാരണം മോഷ്ടാക്കൾ പലപ്പോഴും ഈ വീലുകൾ ഓൺലൈൻ മാർക്കറ്റുകൾ വഴി വിൽക്കാറുണ്ട്. മഗ്നീഷ്യം, അലുമിനിയം, മറ്റു ലോഹങ്ങൾ എന്നിവയുടെ സംയോജനത്തിൽ നിർമിക്കുന്ന അലോയ് വീലുകൾ വാഹനങ്ങൾക്ക് പ്രീമിയം ലുക്ക് നൽകുന്നു. പൊലീസ് പറയുന്നതനുസരിച്ച് ഓരോ അലോയ് വീലിനും ഡിസ്കിനും ഏകദേശം 40,000 രൂപ വിലവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.