ബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി), ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.കെ.ആർ.ടി.സി) എന്നിവ നടത്തുന്ന സർവിസുകളിലാണ് വിദ്യാർഥികൾക്കുള്ള സൗജന്യ യാത്ര പദ്ധതി നടപ്പാകുക.
ജൂൺ 12ന് സർക്കാർ സൗജന്യ ബസ് പാസുകൾ വിതരണം ചെയ്യുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതിനുശേഷം നാലു കോർപറേഷനുകളിലുമായി ആണ്‍കുട്ടികള്‍ക്ക് 2,764 സൗജന്യ ബസ് പാസുകൾ വിതരണം ചെയ്തു.
പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം, ഗോവ എന്നിവയുടെ അതിർത്തി പ്രദേശങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും സ്ഥിതി ചെയ്യുന്ന അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാര്‍ഥികൾക്കും ആനുകൂല്യം ബാധകമാണ്.
കർണാടകയിൽ താമസിക്കുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും സംസ്ഥാനത്തിന് പുറത്തുള്ള അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നതും കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതുമായ വിദ്യാര്‍ഥികള്‍ക്കും ആനുകൂല്യത്തിന് അർഹതയുണ്ടാവും.
കർണാടകയിലുടനീളമുള്ള സ്കൂളുകൾ, കോളജുകൾ, ഐ.ടി.ഐകൾ, ഡിപ്ലോമ സ്ഥാപനങ്ങൾ, പ്രഫഷനൽ കോഴ്സുകൾ, മറ്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്ന യോഗ്യരായ വിദ്യാര്‍ഥികൾക്ക് സൗജന്യ ബസ് യാത്ര ആനുകൂല്യങ്ങൾ ലഭിക്കും.
സൗജന്യ പാസിന് എങ്ങനെ അപേക്ഷിക്കാം
സേവാ സിന്ധു പോർട്ടൽ വഴി വിദ്യാർഥികൾക്ക് വ്യക്തിപരമായോ അല്ലെങ്കിൽ അവരുടെ സ്കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹായത്തോടെയോ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് കർണാടക വൺ, ഗ്രാമ വൺ, ബാംഗ്ലൂർ വൺ സെന്ററുകൾ സന്ദർശിച്ച് നിശ്ചിത സർവിസ് ചാർജ് അടച്ച് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാം. പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ അല്ലെങ്കിൽ അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തിലെ അംഗീകൃത ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സ്റ്റുഡന്റ് ബസ് പാസ് ഡിക്ലറേഷൻ ഫോം, ആവശ്യമായ അനുബന്ധ രേഖകൾ എന്നിവ സമർപ്പിക്കണം.
ആണ്‍കുട്ടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ശേഷം പാസ് വിതരണത്തില്‍ വര്‍ധന ഉണ്ടായതായി ഗതാഗത വകുപ്പ് അറിയിച്ചു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ വരും ആഴ്ചകളിൽ അപേക്ഷകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുമെന്ന് ഗതാഗത ഉദ്യോഗസ്ഥർ പറഞ്ഞു.
ബസ് പാസുകൾ ഇതിനകം വാങ്ങിയ വിദ്യാര്‍ഥികൾക്ക് മുഴുവൻ തുകയും റീഫണ്ട് ലഭിക്കുമെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ഗതാഗത കോർപറേഷനുകൾ പിന്തുടരുന്ന നിലവിലെ ദൂരപരിധികൾ, കാലയളവുകൾ, യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും യാത്ര അനുവദിക്കുക. ബസ് പാസുകൾ നേടുന്നതിയാനയി പണമടച്ച വിദ്യാര്‍ഥികള്‍ പുതിയ പാസുകൾക്ക് ഉടൻ അപേക്ഷിക്കേണ്ടതില്ല.
പദ്ധതി നടപ്പാക്കിയതിന് ശേഷം 15 ദിവസത്തിനുള്ളിൽ ഈ പാസുകൾക്കായി അടച്ച മുഴുവൻ തുകയും തിരികെ നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളുടെ ദൈനംദിന യാത്രാ ചെലവ് കുറക്കുന്നതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ഈ തീരുമാനം സഹായകരമാകും.
2026-27 അധ്യയന വർഷത്തേക്ക് കർണാടകയിലുടനീളം 123 സ്റ്റുഡൻ്റ് പാസ് വിതരണ കൗണ്ടറുകൾ സ്ഥാപിച്ചതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട പാസ് കളക്ഷൻ സെൻ്റർ തെരഞ്ഞെടുക്കാം.
ബംഗളൂരു, ചിക്കബെല്ലാപുര, ചിത്രദുർഗ, ദാവന്‍ഗരെ, കോലാർ, രാമനഗര, ശിവമൊഗ്ഗ, തുമകുരു, ചാമരാജനഗര, ചിക്കമംഗളൂരു, ഹാസൻ, കുടക്, മാണ്ഡ്യ, ദക്ഷിണ കന്നഡ, മൈസൂരു തുടങ്ങി നിരവധി ജില്ലകളിലാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. അപേക്ഷ അംഗീകരിച്ച ശേഷം വിദ്യാര്‍ഥികൾ തിരഞ്ഞെടുത്ത കൗണ്ടറിൽ പോയി ബസ് പാസ് വാങ്ങണം. ജില്ല തിരിച്ചുള്ള ലിസ്റ്റ് കെ.എസ്.ആർ.ടി.സി വെബ്സൈറ്റിൽ ലഭ്യമാണ്.
ശക്തി പദ്ധതി: 753.7 കോടി സൗജന്യ ടിക്കറ്റുകൾ ഉപയോഗപ്പെടുത്തി
ബംഗളൂരു: 2023 ല്‍ കോണ്‍ ഗ്രസ് അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയ ശക്തിപദ്ധതി പ്രകാരം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 19,771 കോടി രൂപയുടെ 753.7 കോടി സൗജന്യ യാത്ര ടിക്കറ്റുകൾ വിതരണം ചെയ്തതായി ഔദ്യോഗിക കണക്കുകൾ പുറത്തു വന്നു. ആധാർ/വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഉള്ളവര്‍ക്കാണ് സൗജന്യ യാത്ര അനുവദിക്കുക.
ശക്തിപദ്ധതി 2023 ജൂൺ 11നാണ് ആരംഭിച്ചത്. ബസ് യാത്രക്കാരിൽ 60 ശതമാനം വനിതകളാണ്. പ്രതിദിനം 21 ലക്ഷം സ്ത്രീകൾ സൗജന്യ യാത്ര ചെയ്യുന്നു. 2023-24 ൽ 1180 കോടി രൂപ, 2024-25 ൽ 1170 കോടി രൂപ, 2025 ഡിസംബർ വരെ 1655 കോടി രൂപ എന്നിങ്ങനെ കർണാടക സർക്കാർ ആർ.ടി.സികൾക്ക് നൽകിയെന്നാണ് റിപ്പോർട്ട്.
ബംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ(ബി.എം.ടി.സി), നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി, കല്യാണ കർണാടക ആർ.ടി.സി, കെ.എസ്.ആർ.ടി.സി ബസുകൾ പദ്ധതിയുടെ പരിധിയിലാണ്. സംസ്ഥാനത്തെ തീർഥാടന കേന്ദ്രങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചുള്ള ടൂറിസം വളർന്നു. വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചു. ബി.എം.ടി.സിയിലാണ് ഏറ്റവും കൂടുതൽ സ്ത്രീ യാത്രക്കാർ സൗജന്യ യാത്ര ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.