ദേവഗൗഡ
ബംഗളൂരു: രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏക മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ രാജ്യസഭ അംഗത്വ കാലാവധി ഈ മാസം 18ന് അവസാനിക്കും. എൻ.ഡി.എ സഖ്യ കക്ഷിയായ ജെ.ഡി.എസിന്റെ ദേശീയ അധ്യക്ഷനായ ഇദ്ദേഹത്തെ ബി.ജെ.പി പിന്തുണക്കാത്തതിനാൽ എം.പി സ്ഥാനം നിലനിർത്താനാവുമെന്ന പ്രതീക്ഷ അസ്തമിച്ചു. കർണാടയിൽ ഒഴിവ് വരുന്ന നാല് രാജ്യസഭ അംഗങ്ങളിൽ മൂന്നിടത്ത് കോൺഗ്രസിന്റേയുംഒരു സീറ്റിൽ ബി.ജെ.പിയുടേയും സ്ഥാനാർഥികൾ പത്രികകൾ നൽകി. ഡോ.എം. നാഗരാജയാണ് ബി.ജെ.പി സ്ഥാനാർഥി. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലി ഖാൻ, പാർട്ടിയുടെ മാധ്യമ, പ്രചാരണ വിഭാഗം ചെയർമാൻ പവൻ ഖേര എന്നിവരാണ് കോൺഗ്രസിന്റെ മത്സരാർഥികൾ.
ബിജെപി എംപിമാരായ ഇരണ്ണ കടാഡി, നാരായണ കൊരഗപ്പ, കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗെ, എച്ച്.ഡി. ദേവഗൗഡ എന്നിവർ ഈ മാസം 25നകം വിവിധ തീയതികളിൽ വിരമിക്കും. നിയമസഭ അംഗബല അടിസ്ഥാനത്തിൽ കോൺഗ്രസിന് മൂന്ന് പേരെ രാജ്യസഭയിലയക്കാനാവും. എൻ.ഡി.എക്ക് ഒരാളെ തെരഞ്ഞെടുക്കാനുള്ള അംഗബലമേയുള്ളൂ. കോൺഗ്രസ് പിന്തുണയോടെയാണ് 2020 ജൂൺ 26ന് ഹരദനഹള്ളി ദൊഡ്ഡഗൗഡ ദേവഗൗഡ എന്നറിയപ്പെടുന്ന എച്ച്.ഡി.ദേവഗൗഡ രാജ്യസഭയിലെത്തിയത്.
ആറ് തവണ ലോക്സഭാംഗം, ഏഴ് തവണ നിയമസഭാംഗം, കർണാടക മുൻ മുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ച ദേവഗൗഡയെ കൈവിട്ടത് ബി.ജെ.പിയാണെങ്കിലും കോൺഗ്രസ് ചതിച്ചു എന്നാണ് ജെ.ഡി.എസ് ആരോപിക്കുന്നത്. ആ പാർട്ടിയുടെ കർണാടക സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയാണ്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത ആദ്യ ബാച്ച് മന്ത്രിമാരിൽ ഉൾപ്പെടാത്ത സമീർ അഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം നടക്കുന്ന വേളയിലാണ് കോൺഗ്രസ് മൻസൂർ അലി ഖാനെ രാജ്യസഭയിലേക്ക് അയക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ ഇദ്ദേഹം ബി.ജെ.പിയുടെ പി.സി. മോഹനോട് പരാജയപ്പെട്ടിരുന്നു. പവൻ ഖേര ഇനി പാർലമെന്റിലുംകോൺഗ്രസിന്റെ ശബ്ദമാവും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിന്നാക്ക സമുദായത്തിലെ സിദ്ധരാമയ്യ മാറിയ സാഹചര്യം രാഷ്ട്രീയമായി മുതലെടുക്കാനാണ് ഒ.ബി.സി വിഭാഗത്തിലെ നാഗരാജയെ ബി.ജെ.പി രാജ്യസഭ സ്ഥാനാർഥിയാക്കിയത് എന്നാണ് നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.