ഊർജ വകുപ്പ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും
ഊർജ മന്ത്രി കെ.ജെ. ജോർജും ഉദ്യോഗസ്ഥരോടൊപ്പം
ബംഗളൂരു: സംസ്ഥാനത്തെ കർഷകർക്ക് ദിവസവും ഏഴു മണിക്കൂർ വൈദ്യുതി നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഊർജവകുപ്പ് അവലോകന യോഗത്തിലാണ് തീരുമാനം. നിലവിൽ അഞ്ചു മണിക്കൂർ ത്രീ ഫേസ് വൈദ്യുതിയാണ് കർഷകർക്ക് ലഭിക്കുന്നത്. എന്നാൽ, വരൾച്ചമൂലം ജലസേചനത്തിന് ഈ വൈദ്യുതി മതിയാകുന്നില്ലെന്നും ഏഴു മണിക്കൂർ വൈദ്യുതി വേണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റായ്ചൂർ, കൊപ്പാൾ, ബെള്ളാരി, യാദ്ഗിർ എന്നിവിടങ്ങളിലെ കർഷകർ അരിയും പഞ്ചസാരയും ഉൽപാദിപ്പിക്കുന്നുണ്ട്. അഞ്ചു മണിക്കൂർ വൈദ്യുതി ഇവർക്ക് അപര്യാപ്തമാണ്. പമ്പുസെറ്റുകൾക്കായി ദിവസവും ഏഴു മണിക്കൂർ വൈദ്യുതി നൽകാനായി 13,100 കോടി രൂപയാണ് സർക്കാറിന് ചെലവുവരുന്നത്. ഈ തുക ബജറ്റിൽ ഉൾപ്പെടുത്തും. കാർഷികമേഖലയിലെ വൈദ്യുതി ഉപഭോഗം 55 ശതമാനത്തിൽനിന്ന് 119 ശതമാനമായി വർധിച്ചിരിക്കുകയാണ്.
മറ്റു മേഖലകളിലെ ഉപഭോഗം ഒമ്പതു ശതമാനത്തിൽനിന്ന് 14 ശതമാനമായും കൂടിയിട്ടുണ്ട്. മഴക്കുറവ് മൂലമാണ് ഈ സാഹചര്യം ഉണ്ടായത്. റായ്ചൂർ, ബെള്ളാരി പ്ലാന്റുകളിൽനിന്നുള്ള വൈദ്യുതി ഉൽപാദനം 2400 മെഗാവാട്ടിൽനിന്ന് 3200 മെഗാവാട്ടായി കൂടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യം പൂർണമായും നിറവേറ്റുന്നതിന് ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽനിന്ന് വൈദ്യുതി വാങ്ങുന്നുണ്ട്. ഇത്തരത്തിൽ 1000 മെഗാവാട്ട് വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങുന്നത്. 2022നെ അപേക്ഷിച്ച് വൈദ്യുതിയുടെ മൊത്തത്തിലുള്ള ആവശ്യകത 2023ൽ 43 ശതമാനമായി കൂടിയിട്ടുണ്ട്. ഒക്ടോബറിലാണ് റെക്കോഡ് ആവശ്യകത വന്നത്, 15,978 മെഗാവാട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.