വിഷു ഉത്തപ്പ
ബംഗളൂരു: എൻജിനീയറിങ് വിദ്യാർഥി പിതാവിന്റെ തോക്കുപയോഗിച്ച് സ്വയം വെടിവെച്ചുമരിച്ചു. ബുധനാഴ്ച രാത്രി ഏഴോടെ ബംഗളൂരു ഭവാനി നഗറിലാണ് സംഭവം. നഗരത്തിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ വിഷു ഉത്തപ്പയാണ് (19) മരിച്ചത്. അമ്മയുമായുള്ള വഴക്കിനെതുടർന്നാണ് വിദ്യാർഥി കടുംകൈ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, അന്വേഷണം പൂർത്തിയായശേഷമേ, മരണത്തിലേക്ക് നയിച്ചതിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടൂ എന്ന് പൊലീസ് പറഞ്ഞു. മകൻ പഠനത്തിൽ ശ്രദ്ധിക്കാത്തത് സംബന്ധിച്ച് മാതാവ് ശകാരിച്ചതോടെ ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. പിന്നീട്, പിതാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് മകൻ സ്വയം വെടിവെക്കുകയായിരുന്നു. ഈ സമയം മാതാപിതാക്കൾ റേഷൻ വാങ്ങാൻ പോയതായിരുന്നു. ജീവനൊടുക്കുന്നതിന് മുമ്പ് ഉത്തപ്പ മാതാപിതാക്കളെ ഫോണിൽ വിളിച്ചിരുന്നു.
അമ്മയോട് ക്ഷമാപണം നടത്തിയശേഷം ഫോൺ കാൾ കട്ട് ചെയ്തു. ഇരുവരും തിരിച്ചെത്തിയപ്പോൾ വീട്ടിൽ വെടിയേറ്റു മരിച്ചനിലയിലാണ് മകനെ കണ്ടെത്തിയതെന്ന് പൊലീസിന് മൊഴി നൽകി. നൈസ് റോഡിലെ ടോൾബൂത്ത് ജീവനക്കാരനാണ് കുടക് സ്വദേശിയായ പിതാവ് തമ്മയ്യ. ടോൾ പിരിച്ചുകിട്ടുന്ന തുക ബാങ്കിലിടുന്ന ചുമതല ഇയാൾക്കായതിനാൽ സുരക്ഷക്കായി തോക്ക് കൈയിൽവെക്കാറുണ്ടായിരുന്നു.
കഴിഞ്ഞ 15 വർഷമായി കുടുംബം ബംഗളൂരുവിലാണ് താമസം. ബംഗളൂരു റൂറൽ എസ്.പി മല്ലികാർജുന ബലദണ്ഡി സംഭവസ്ഥലം സന്ദർശിച്ചു. പഠിക്കാൻ പ്രയാസപ്പെട്ടിരുന്ന വിഷു ഉത്തപ്പ അതിന്റെ പേരിൽ മാനസിക വിഷമം അനുഭവിച്ചിരുന്നതായി എസ്.പി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.