ജി. പരമേശ്വര, കണ്ഠീരവ സ്റ്റേഡിയം
ബംഗളൂരു: കണ്ഠീരവ സ്റ്റേഡിയം 5,000 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ പുനർനിർമിക്കുമെന്ന് കായിക വകുപ്പ് കൂടി വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാക്കിമാറ്റുകയാണ് ലക്ഷ്യം. കോമൺവെൽത്ത് ഗെയിംസും മറ്റ് അന്താരാഷ്ട്ര കായിക മത്സരങ്ങളും നടത്താൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. പദ്ധതിയെക്കുറിച്ചുള്ള അന്തിമ തീരുമാനം മന്ത്രിസഭ എടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാന ദേശീയ തലത്തിലുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥികൾക്ക് അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 15 ശതമാനം ഹാജർ ഇളവ് നൽകുമെന്നും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് 25 ശതമാനം ഹാജർ ഇളവ് നൽകുമെന്നും പരമേശ്വര പ്രഖ്യാപിച്ചിരുന്നു. നടപടി ഉടന്‍ പ്രാബല്യത്തിൽ വരുത്തുമെന്നും സർക്കാർ ഉത്തരവ് ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളായ കായികതാരങ്ങൾക്ക് 50 ശതമാനം ഹാജർ മാത്രമാണെങ്കില്‍ പോലും അവരെ പരീക്ഷ എഴുതാൻ അനുവദിക്കണം. മികച്ച കായികതാരങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും സർക്കാർ മുൻഗണന നൽകും. വിവിധ വകുപ്പുകളിലായി 72,000 ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടന്നുവരികയാണ്. ഈ റിക്രൂട്ട്‌മെന്‍റിൽ കായികതാരങ്ങൾക്ക് രണ്ടു ശതമാനം സംവരണം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. രണ്ടു ശതമാനംസ്‌പോർട്‌സ് സംവരണം പ്രകാരം ഏകദേശം 2,000 തസ്തികകൾ കായികതാരങ്ങൾക്ക് ലഭിക്കും.
കർണാടകയുടെ സംസ്കാരം, കായികം, യുവാക്കളുടെ ആശയങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന അന്താരാഷ്ട്ര യുവജനോത്സവം സംഘടിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് പരമേശ്വര പറഞ്ഞു. ഡിസംബർ അല്ലെങ്കിൽ ജനുവരി മാസങ്ങളിൽ ഇത് നടത്താൻ ഉദ്ദേശിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങി കിടന്ന ഏകലവ്യ അവാർഡ്, ക്രീഡ രത്‌ന അവാർഡ്, ക്രീഡ പോഷക അവാർഡ്, ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് എന്നിവ ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്‍റെ ജന്മവാർഷികമായ ആഗസ്റ്റ് 29 ന് സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.