ഡി.കെ. ശിവകുമാറിന്‍റെ സഹോദരി ചമഞ്ഞും രാഷ്ട്രീയ ബന്ധം പറഞ്ഞും കോടികൾ തട്ടി; യുവതി അറസ്റ്റിൽ

ബംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെയും സഹോദരനും മുൻ എം.പിയുമായ ഡി.കെ സുരേഷിന്‍റെയും സഹോദരിയാണെന്നും, ഉന്നത രാഷ്ട്രീബന്ധമുണ്ടെന്നും പറഞ്ഞ് വ്യാപക തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. എ. ഐശ്വര്യ ഗൗഡ (33) ആണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് അറസ്റ്റ്. ഐശ്വര്യയുടെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 2.25 കോടി രൂപ കണ്ടെടുത്തു.

ഐശ്വര്യക്കും ഭർത്താവ് കെ.എൻ. ഹരീഷിനും മറ്റുള്ളവർക്കുമെതിരെ കർണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് സാമ്പത്തിക അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചത്. ഉയർന്ന റിട്ടേണുകൾ വാഗ്ദാനം ചെയ്താണ് പണവും സ്വർണവുമടക്കംം തട്ടിയത്. വാഗ്ദാനം ചെയ്ത റിട്ടേണുകളൊന്നും നൽകിയില്ലെന്നും റീഫണ്ട് ആവശ്യപ്പെട്ടപ്പോൾ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. രാഷ്ട്രീയ ബന്ധം പറഞ്ഞ് ഇരകളെ ഐശ്വര്യ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഐശ്വര്യയുമായും കൂട്ടാളികളുമായും ബന്ധപ്പെട്ട 14 സ്ഥലങ്ങളിൽ ഇ.ഡിയുടെ ബംഗളൂരു സോണൽ ഓഫീസ് നടത്തിയ റെയ്ഡിൽ കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കുറ്റകരമായ രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യൽ തുടരുകയാണെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി അറിയിച്ചു. ഡി.കെ. സുരേഷിന്‍റെ സഹോദരിയാണെന്ന് അവകാശപ്പെട്ട് ബംഗളൂരു ആസ്ഥാനമായ ജ്വല്ലറിയിൽനിന്ന് 9.82 കോടി രൂപയുടെ സ്വർണം വഞ്ചിച്ചെന്നാണ് ഐശ്വര്യയ്‌ക്കെതിരെയുള്ള പ്രധാന ആരോപണം.

തന്‍റെ കുടുംബവും ഐശ്വര്യ ഗൗഡയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഡി.കെ. സുരേഷ് പ്രതികരിച്ചു.

Tags:    
News Summary - ED arrests woman accused of cheating and money fruad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.