ബംഗളൂരു: മൈസൂറു ദസറയുടെ ആകർഷണമായ ജംബോ സവാരി നായകനായ ഗജവീരൻ അർജുനയുടെ മരണം വെടിയേറ്റല്ലെന്ന് നാഗർഹോളെ ടൈഗർ റിസർവ് വെറ്ററിനേറിയൻ ഡോ. എച്ച്. രമേശ. വനപാലകരിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റത് പ്രശാന്ത എന്ന മറ്റൊരാനക്കാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വനപാലകരുടെ വെടിയേറ്റാണ് അർജുന ചെരിഞ്ഞതെന്ന് മുഖ്യപാപ്പാൻ വിനു ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ഓപറേഷന് നേതൃത്വം നൽകിയ വെറ്ററിനറി ഡോക്ടറുടെ പ്രതികരണം. ഓപറേഷൻ സംഘത്തിന്റെ കൈയിൽ വെടിത്തിരകൾ ഉണ്ടായിരുന്നില്ലെന്നും സ്റ്റീൽ ബാളുകൾ മാത്രമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം നാലിന് ഹാസൻ ജില്ലയിലെ യസ് ലൂർ റേഞ്ച് വനത്തിൽ ദബ്ബള്ളിഘട്ടെയിൽ കാട്ടാനയെ തുരത്താനുള്ള ഓപറേഷനിടെ ഇടത്തേ കാലിൽ മരക്കുറ്റി തറച്ചിരുന്നു. തുടർന്ന് കാട്ടാനയുടെ വന്യമായ തിരിച്ചാക്രമണത്തിൽ അർജുന്റെ ജീവൻ പൊലിഞ്ഞതായാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ, കാട്ടാനകളെ മെരുക്കാനുള്ള യജ്ഞത്തിൽ ഏർപ്പെട്ട അർജുനും എതിരാളിയും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ നടന്നപ്പോൾ പിന്തിരിപ്പിക്കാൻ ആകാശത്തേക്കും തുടർന്ന് കാട്ടാനക്ക് നേരെയും ഉതിർത്ത വെടിയുണ്ട ഉന്നം തെറ്റി അർജുന്റെ കാലിൽ തറക്കുകയായിരുന്നുവെന്ന് പാപ്പാനായ വിനു ആരോപിക്കുന്നു. കൂറ്റൻ മരക്കുറ്റി തുളച്ചുകയറി നഖം ഇളകിയ വേദന സഹിക്കുന്നുണ്ടായിരുന്നു. വെടിയേൽക്കുകകൂടി ചെയ്തതോടെ കുഴഞ്ഞുവീണ അർജുനെ കാട്ടാന അക്രമിച്ച് കൊന്നതാണെന്ന് പാപ്പാൻ പറഞ്ഞു.
പാപ്പാന്റെ ആരോപണം ശരിയല്ലെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രവിശങ്കർ അവകാശപ്പെട്ടു. വെറ്ററിനറി ഡോക്ടർ സംഘം നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധനയിലൂടെയേ കാര്യങ്ങൾ വ്യക്തമാവൂ. മരക്കുറ്റി കയറി കാലിൽ അപകടം സംഭവിച്ചിരുന്നതായി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ മോഹൻ കുമാറും സമ്മതിച്ചു. മൈസൂരു ദസറ ജംബോ സവാരി എട്ട് തവണ 750 കിലോഗ്രാം ഭാരമുള്ള അംബാരി വഹിച്ച് നയിച്ച ഖ്യാതിയുള്ള അർജുന് 64 വയസ്സായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.