ഡി.കെ. ശിവകുമാർ
ബംഗളൂരു: ഇന്ധനം ലാഭിക്കാനും സ്വർണം വാങ്ങുന്നത് മാറ്റിവെക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിലെ പ്രായോഗികതയെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചോദ്യം ചെയ്തു.
പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഇന്ധനം വിവേകപൂർണമായ രീതിയില്‍ ഉപയോഗിക്കാനും സ്വർണ്ണം വാങ്ങുന്നതും വിദേശ യാത്രകൾ നടത്തുന്നതും നീട്ടി വെക്കണം എന്നിവ നടപ്പാക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. കൂടാതെ പെട്രോൾ, ഡീസൽ ഉപഭോഗം കുറക്കുക, മെട്രോ റെയിൽ സേവനങ്ങൾ ഉപയോഗിക്കുക, കാർപൂളിങ്, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുക, പാഴ്സൽ സംവിധാനങ്ങള്‍ക്ക് റെയിൽവേ സേവനങ്ങൾ ഉപയോഗിക്കുക, വീട്ടിലിരുന്ന് ജോലി ചെയ്യുക എന്നിവയും അദ്ദേഹം നിർദേശിച്ചു.
സ്വർണ വില എന്തുകൊണ്ടാണ് ഉയർന്നതെന്ന് മോദി പറയുന്നില്ലെന്ന് ഡി.കെ പറഞ്ഞു. പെട്രോൾ ഉപഭോഗം കുറക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്, പക്ഷേ വില എന്തിനാണ് വർധിപ്പിച്ചതെന്ന് പറയുന്നില്ല. ആളുകൾ എന്തുകൊണ്ട് ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് മോദി വിശദീകരിക്കണം. വിവാഹം ആസൂത്രണം ചെയ്യുന്നവരോട് സ്വർണം വാങ്ങരുതെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും ഡി.കെ. ശിവകുമാർ ചോദിച്ചു. കോവിഡ് 19 കാലഘട്ടത്തിൽ പ്രധാനമന്ത്രി മോദി ജനങ്ങളോട് വിളക്കുകൾ കൊളുത്തി കൈയടിക്കാൻ നടത്തിയ ആഹ്വാനം കോവിഡ് പ്രതിരോധിക്കാന്‍ സഹായകമായോ? എന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രിയുടെ ഉപദേശം പ്രയോഗികമല്ല. വിവാഹത്തിനായി സ്വർണ താലി വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളോട് അത് വാങ്ങരുതെന്ന് പറയാൻ കഴിയുമോ? അത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. കഷ്ടപ്പാടോ ബുദ്ധിമുട്ടോ ഉണ്ടെങ്കിലും കടം വാങ്ങിയെങ്കിലും ആളുകൾ വിവാഹത്തിനായി സ്വർണ്ണം വാങ്ങും. ജനങ്ങളോട് ത്യാഗം ചെയ്യാന്‍ ആവശ്യപ്പെടും മുമ്പ് കേന്ദ്ര മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളോടും പ്രവര്‍ത്തകരോടും ത്യാഗം ചെയ്യാന്‍ ആവശ്യപ്പെടണമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.