ധർമസ്ഥല കേസിൽ സൗജന്യ അടക്കമുള്ളവരുടെ ദുരൂഹമരണങ്ങൾ അന്വേഷിച്ച് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമാന മനസ്കര വേദികെയുടെ നേതൃത്വത്തിൽ ശനിയാഴ്ച ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധം
മംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്.ഐ.ടി) അംഗം കേസ് പിൻവലിക്കാൻ സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഉത്തര കന്നട സിർസി റൂറൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും അന്വേഷണ സംഘാംഗവുമായ മഞ്ജുനാഥ ഗൗഡക്കെതിരെയാണ് പരാതി. മറ്റുള്ളവരുടെ സമ്മർദത്തിന് വഴങ്ങിയാണ് പരാതി നൽകിയതെന്ന് സാക്ഷിയെകൊണ്ട് പറയിപ്പിക്കുകയും അത് മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്യുകയും ചെയ്തെന്നാണ് സാക്ഷിയുടെ അഭിഭാഷക അനന്യ ഗൗഡ പരാതി ഉന്നയിച്ചത്. അറസ്റ്റ് ചെയ്യുമെന്നും ജയിൽവാസം അനുഭവിക്കേണ്ടി വരുമെന്നും ഇൻസ്പെക്ടർ ഭീഷണിപ്പെടുത്തിയതായും അഭിഭാഷക പറഞ്ഞു.
മംഗളൂരു ബെൽത്തങ്ങാടിയിലെ എസ്.ഐ.ടി ക്യാമ്പിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ അവർ, അന്വേഷണ സംഘത്തിൽനിന്ന് ഇയാളെ മാറ്റണമെന്ന് എസ്.ഐ.ടിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പരാതി ഗൗരവമായി പരിശോധിച്ചുവരികയാണെന്നും വിഷയത്തിൽആഭ്യന്തര അന്വേഷണം നടത്തുമെന്നും എസ്.ഐ.ടിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അതേസമയം, തുടർച്ചയായി അഞ്ചാം ദിവസവും ധർമസ്ഥലയിലെ നദിക്കരയിലെ പ്രദേശത്ത് എസ്.ഐ.ടി സംഘം മണ്ണുനീക്കി പരിശോധന നടത്തി. ശനിയാഴ്ച പത്താം പോയന്റിലാണ് തെരച്ചിൽ അവസാനിപ്പിച്ചത്. രാവിലെ 11.30ഓടെ പരാതിക്കാരനുമായെത്തിയ എസ്.ഐ.ടി സംഘം ഒമ്പത്, 10 പോയന്റുകളിൽ ചെറിയ എക്സ്കവേറ്റർ ഉപയോഗിച്ച് നാല് അടിവരെ താഴ്ചയിൽ കുഴിയെടുത്ത് പരിശോധിച്ചു.
തെരച്ചിൽ സമയത്ത് പ്രദേശത്ത് സായുധ പൊലീസിനെ വിന്യസിച്ചിരുന്നു. ആറാം പോയന്റിൽനിന്ന് വ്യാഴാഴ്ച 13 അസ്ഥി കഷണങ്ങൾ കണ്ടെടുത്തതല്ലാതെ ഇതുവരെ മറ്റൊന്നും കണ്ടെത്താനായിട്ടില്ല. പരാതിക്കാരൻ ചൂണ്ടിക്കാണിച്ചതിൽ ഇനി മൂന്നു പോയന്റുകൾ കൂടിയാണ് പരിശോധിക്കാൻ ബാക്കിയുള്ളത്. തിങ്കളാഴ്ച ബാക്കി ഇടങ്ങളിൽകൂടി പരിശോധന പൂർത്തിയാക്കാനാണ് എസ്.ഐ.ടി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.