ബംഗളൂരു: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഓരോ നിയമസഭ മണ്ഡലത്തിനും ഒരു കോടി രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. സുവർണ വിധാൻ സൗധയിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ബെളഗാവി ഡിവിഷന്റെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിത്തൂരില്‍ മഴ താരതമ്യേന ലഭിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് മൊത്തത്തില്‍ സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ കുറവാണ് ലഭിച്ചതെന്നും
വിത്തുകളുടെയും വളങ്ങളുടെയും വിതരണത്തിന് ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിതരണത്തിന് ആവശ്യമായ ഫണ്ട് ഡെപ്യൂട്ടി കമീഷണർമാർക്ക് ഇതിനകം അനുവദിച്ചു നല്‍കിയിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ സഹായത്തിനായി കാത്തിരിക്കുന്നതിനുപകരം ആളുകളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രാദേശിക നിയമസഭാംഗങ്ങൾ പ്രാദേശിക സാഹചര്യങ്ങൾ പഠിച്ച് അനുയോജ്യമായ പദ്ധതികൾ തയാറാക്കണം.
ജലസേചനത്തിന് ക്ഷാമം വന്നാലും കുടിവെള്ള വിതരണം ഉറപ്പാക്കാൻ ജലസംഭരണികളിൽ ആവശ്യത്തിന് വെള്ളം സംഭരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കർമ്മ പദ്ധതി തയാറാക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. വളം ലഭ്യത സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രിമാരുമായി ചർച്ച ചെയ്ത് പ്രത്യേക യോഗം ചേരും.
സംസ്ഥാനത്തിന് ആവശ്യമായ വളത്തിന്റെ 50 ശതമാനം മാത്രമേ കേന്ദ്ര സർക്കാർ വിതരണം ചെയ്തിട്ടുള്ളൂ. വളത്തിന്റെ സ്റ്റോക്ക് നിലനിർത്താന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. കുടിവെള്ള, ജലസേചന പദ്ധതികൾക്കായി 60 ലധികം സ്ഥലങ്ങളിൽ പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്നതിൽ നിലവില്‍ ബുദ്ധിമുട്ടുകൾ ഉണ്ട്. അതിനാല്‍ കുടിവെള്ള പദ്ധതികൾക്ക് ഒരു കാരണവശാലും തടസ്സം നേരിടരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിള ഇൻഷുറൻസിലെ ക്രമക്കേടുകൾ എം.എൽ.എമാരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഇൻഷുറൻസ് ആനുകൂല്യങ്ങൾ യഥാർഥത്തിൽ കർഷകർക്ക് ലഭിക്കുന്നുണ്ടോ അതോ ഇടനിലക്കാർ സംവിധാനത്തെ ചൂഷണം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ ബംഗളൂരുവിൽ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.