സതീഷ് കൃഷ്ണ സെയ്ൽ
മംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉത്തര കന്നട കാർവാർ മണ്ഡലം കോൺഗ്രസ് എം.എൽ.എ സതീഷ് കൃഷ്ണ സെയ്ലിനെ അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 13, 14 തീയതികളിൽ സെയിലിന്റെ വസതിയിൽ ഇ.ഡി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡുകളെ തുടർന്നാണ് അറസ്റ്റ്. തുടർച്ചയായി നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത വലിയ തുക പണവും സ്വർണാഭരണങ്ങളും കുറ്റകരമായ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി പറഞ്ഞു.
ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ സ്വത്തുക്കൾ ഉൾപ്പെടെ എം.എൽ.എയുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കാർവാർ റെയ്ഡിൽ ഉദ്യോഗസ്ഥർ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടെടുത്തെന്നും സ്വർണം, പണം, രേഖകൾ എന്നിവയുൾപ്പെടെ അവ രണ്ട് വലിയ ട്രങ്കുകളിലാക്കി കൂടുതൽ പരിശോധനക്കായി കൊണ്ടുപോയെന്നും ഇ.ഡി വൃത്തങ്ങൾ വെളിപ്പെടുത്തി.
റെയ്ഡുകളെത്തുടർന്ന് ചോദ്യം ചെയ്യലിനായി സെയിലിനെ വിളിപ്പിച്ചിരുന്നു. നിരവധി തവണ ചോദ്യം ചെയ്യലിനും രേഖകളുടെ പരിശോധനക്കും ശേഷം പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇ.ഡി അദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. പ്രത്യേക കുറ്റങ്ങൾ വിശദീകരിക്കുന്ന ഔദ്യോഗിക പ്രസ്താവന ഏജൻസി ഇതുവരെ പുറത്തിറക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.