വനിത നഗരസഭ കമീഷണറെ ഭീഷണിപ്പെടുത്തിയ കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

ബംഗളൂരു: ബാനർ നീക്കം ചെയ്തതിന്റെ പേരിൽ ചിക്കബെല്ലാപുര ജില്ലയിലെ സിഡ്‌ലഘട്ട നഗരസഭ കമീഷണർ അമൃത ഗൗഡയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ കെ.പി.സി.സി കൺവീനർ രാജീവ് ഗൗഡയെ വെള്ളിയാഴ്ച സസ്‌പെൻഡ് ചെയ്തു.

കെ.പി.സി.സി അച്ചടക്ക സമിതിയാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച ബംഗളൂരുവിൽ അച്ചടക്ക സമിതി യോഗം ചേർന്ന് കാര്യത്തിന്റെ ഗൗരവം പരിഗണിച്ച് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിഡ്‌ലഘട്ടയിൽ നിന്ന് മത്സരിച്ച രാജീവ് ഗൗഡ കേസിനെത്തുടർന്ന് ഒളിവിലാണ്.

കേസുമായി ബന്ധപ്പെട്ട് രാജീവ് ഗൗഡയെ സസ്‌പെൻഡ് ചെയ്യാൻ കെ.പി.സി.സി ബുധനാഴ്ച ശിപാർശ ചെയ്തിരുന്നു. സംഭവം ദേശീയ വാർത്തകളിൽ ഇടം നേടുകയും സംസ്ഥാനത്തെ ഭരണകക്ഷിക്ക് കടുത്ത നാണക്കേടുണ്ടാക്കുകയും ചെയ്തു.

ഈ വിഷയത്തിൽ രാജീവ് ഗൗഡ നടത്തിയ പ്രസ്താവനകൾ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പാർട്ടിക്കും നേതൃത്വത്തിനും ഗുരുതരമായ നാണക്കേട് ഉണ്ടാക്കുകയും ചെയ്തതായി കോൺഗ്രസ് വിലയിരുത്തി. കെ.പി.സി.സി പ്രസിഡന്റ് ഈ വിഷയം ഗൗരവമായി എടുക്കുകയും സിഡ്‌ലഘട്ട രാജീവ് ഗൗഡയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്ന കാര്യം കെ.പി.സി.സി അച്ചടക്ക സമിതിക്ക് വിടാൻ നിർദേശിക്കുകയും ചെയ്തു.

സിഡ്‌ലഘട്ട പട്ടണത്തിലെ ബാനർ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് വനിത കമീഷണറെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്ത കേസിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാജീവ് ഗൗഡ സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി വ്യാഴാഴ്ച തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കർണാടക ഹൈകോടതി രാജീവ് ഗൗഡയെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയും ഗുരുതരമായ കുറ്റങ്ങൾ ചുമത്താത്തതിന് സർക്കാറിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

കേസിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ഹൈകോടതി ബെഞ്ച് ഹരജിക്കാരനായ രാജീവ് ഗൗഡയെ രൂക്ഷമായി വിമർശിച്ചത്. ഒളിവിൽ കഴിയുന്ന ഗൗഡ അഭിഭാഷകൻ മുഖേനയാണ് ഹരജി സമർപ്പിച്ചത്.

വനിത ഉദ്യോഗസ്ഥക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതായി ആരോപിക്കപ്പെട്ടിട്ടും, ബി.എൻ.എസ് സെക്ഷൻ 71 (സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ), 79 (ഒരു സ്ത്രീയെ അപമാനിക്കുന്നതിനോ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനോ ഉദ്ദേശിച്ചുള്ള വാക്കുകൾ, ശബ്ദങ്ങൾ, ആംഗ്യങ്ങൾ) എന്നിവ പ്രതിക്കെതിരെ ചുമത്താത്തത് എന്തുകൊണ്ടാണെന്ന് ഹൈകോടതി ചോദിച്ചു.

സംഭവത്തെത്തുടർന്ന് നഗരസഭ ജീവനക്കാർ ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്.

Tags:    
News Summary - Congress leader suspended for threatening women municipal commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.