യദിയൂരപ്പ, അശോക
ബംഗളൂരു: ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായ കർണാടക മുൻ സർക്കാറിനെതിരെ ഉയർന്ന 40 ശതമാനം കമീഷൻ ആരോപണത്തിൽ ലോകായുക്ത പൊലീസ് ക്ലീൻ ചിറ്റ് നൽകിയതായി ബി.ജെ.പി അവകാശവാദം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉപയോഗിച്ച അടിസ്ഥാനരഹിത രാഷ്ട്രീയ ആയുധം മാത്രമായിരുന്നു ആരോപണമെന്ന് മുൻ മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പ, നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക എന്നിവർ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
കർണാടക കോൺട്രാക്ടേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെംപണ്ണയുടെ ആക്ഷേപം ഏറ്റുപിടിച്ചാണ് കോൺഗ്രസ് അന്ന് ബി.ജെ.പി സർക്കാറിനെതിരെ ആരോപണം ഉന്നയിച്ചത്. ആരോപണം ഉന്നയിച്ച കരാറുകാരൻ ആർ. അംബികപതി ആറ് വർഷമായി ഒരു കരാർ പ്രവൃത്തിയും ഏറ്റെടുക്കാത്ത ആളായിരുന്നു. അദ്ദേഹത്തെപ്പോലെ തൊഴിൽ രഹിതരെ ഉപയോഗിച്ചാണ് കോൺഗ്രസ് ആരോപണം ഉയർത്തി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയത്. എന്നാൽ, അധികാരമേറ്റ് 16 മാസമായിട്ടും ആരോപണം സംബന്ധിച്ച് ഒരു തെളിവും ഹൈകോടതിയിൽ ഹാജരാക്കാൻ സിദ്ധരാമയ്യ സർക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് അശോക പറഞ്ഞു.
ബംഗളൂരു: മുൻ കർണാടക സർക്കാർ ഭരണത്തിൽ കരാർ ജോലികൾക്ക് 40 ശതമാനം കമീഷൻ കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത പൊലീസ് ക്ലീൻ ചിറ്റ് നൽകിയത് സംബന്ധിച്ച് തനിക്ക് അറിവില്ലെന്ന് ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര പറഞ്ഞു.
ബി.ജെ.പി നേതാക്കൾ എന്തടിസ്ഥാനത്തിലാണ് അവകാശവാദം ഉന്നയിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. നാൽപത് ശതമാനം കമീഷൻ ആരോപണം മാത്രം ആയുധമാക്കിയല്ല കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ഗാരന്റി സ്കീമുകളായിരുന്നു പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നും പരമേശ്വര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.