ആരോഗ്യ സർവകലാശാല മേഖല കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി സിദ്ധരാമയ്യ
നിർവഹിക്കുന്നു
മംഗളൂരു: അധഃസ്ഥിതർക്ക് ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞബദ്ധമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വെള്ളിയാഴ്ച മേരിക്കുന്നിൽ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല (ആർ.ജി.യു.എച്ച്.എസ്) റീജനൽ ഓഫിസ് ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗുണനിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തും. ആരോഗ്യ സർവകലാശാല മൂന്നര ലക്ഷത്തിലധികം മെഡിക്കൽ വിദ്യാർഥികളുള്ള ഏഷ്യയിലെ ഏറ്റവും വലിയ ആരോഗ്യ ശാസ്ത്ര സർവകലാശാലയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദഗ്ധരായ മെഡിക്കൽ പ്രഫഷനലുകളെ സൃഷ്ടിക്കുന്നതിലും ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിലും സ്ഥാപനം നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നൂതനമായ സിമുലേഷൻ ലാബ്, സ്പോർട്സ് കോംപ്ലക്സ്, നവീകരിച്ച ഫിറ്റ്നസ് സെന്റർ, വിനോദ സൗകര്യങ്ങൾ, എയർകണ്ടീഷൻ ചെയ്ത ഓഡിറ്റോറിയങ്ങൾ, നൂതന ഗവേഷണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ റീജനൽ സെന്ററിനായി ആസൂത്രണം ചെയ്ത വിപുലമായ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. രമേശ് അവതരിപ്പിച്ചു. റീജനൽ സെന്റർ സ്ഥാപിക്കുക എന്നത് ദീർഘകാലമായുള്ള സ്വപ്നമാണെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായ സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു. തീരദേശത്തിന് ഇത് അഭിമാനമായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അധികാര വികേന്ദ്രീകരണം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകൽ, വിദ്യാർഥികളുടെ കഴിവുകൾ വർധിപ്പിക്കൽ എന്നിവയിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ഡോ. ശരൺ പ്രകാശ് രുദ്രപ്പ പാട്ടീൽ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ കോളജുകൾ ഉള്ളത് കർണാടകയിലും തമിഴ്നാട്ടിലുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു, ബ്രിജേഷ് ചൗട്ട എം.പി, എം.എൽ.എമാരായ ഡോ. ഭരത് ഷെട്ടി, വേദവ്യാസ് കാമത്ത്, അശോക് കുമാർ റായ്, ഐവാൻ ഡിസൂസ എം.എൽ.സി, ഡോ. മഞ്ജുനാഥ് ഭണ്ഡാരി, ഡോ. സുജാത റാത്തോഡ്, ഡോ. ത്രിവേണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.