ഇന്ത്യയിലെ നിരവധി വേദികളെ ത്രസിപ്പിച്ച 'കൂ ഹൂ' എന്ന അരുൺ ലാലിന്‍റെ നാടകത്തിന്‍റെ മുംബൈ നഗരത്തിലെ ആദ്യ അരങ്ങേറ്റം കല്യാണിൽ മാർച്ച് 28ന് നടക്കും. തൊട്ടടുത്ത ദിവസം മാർച്ച് 29ന് വാഷിയിൽ അരങ്ങേറും. രാജ്യത്തിലെ സംസാര വിഷയമായ ഈ നാടകത്തിൽ കൂകി പായുന്ന ഒരു ട്രെയിനാണ് നായകൻ. ഇന്ത്യയുടെ ചരിത്രത്തിന് നെടുകെയും കുറുകെയും പായുന്ന ഒരു ട്രെയിൻ.
പ്രശസ്ത നാടക സംഘമായ ലിറ്റിൽ എർത്ത് സ്ക്കൂൾ ഓഫ് തിയറ്റർ, കേരളം അവതരിപ്പിക്കുന്ന, 'കുഹൂ' എന്ന ഏറ്റവും പുതിയ നാടകം മാർച്ച് 28, ശനിയാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് കല്യാൺ വെസ്‌റ്റിലുള്ള കെ സി ഗാന്ധി മെമ്മോറിയൽ ആഡിറ്റോറിയത്തിലും, മാർച്ച് 29 ഞായറാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് സിഡ്കോ എക്സിബിഷൻ സെന്‍റർ വാഷിയിലുമാണ് അരങ്ങേറുന്നത്.
നാടകാവതരണത്തിലൂടെ സമാഹരിക്കുന്ന പണം നിർദ്ധനരായ രോഗികൾക്കോ അശരണർക്കോ നൽകുന്നതുമൂലം ഈ പ്രദർശനങ്ങൾക്ക് ഒരു പുതിയ മാനം കൂടി കൈവരുന്നു. എഴുപതുകളിലും എൺപതുകളിലും മുംബൈയുടെ സാംസ്കാരിക ജീവിതത്തിൽ മലയാള നാടകങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണെന്നും സാമൂഹിക മാറ്റങ്ങൾക്ക് പോലും വഴിമരുന്നിട്ട ആ നാടക സംസ്കാരം ആധുനിക ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റത്തിൽ വിസ്മൃതിയിലേക്ക് ആണ്ടുപോകുന്നത് ഖേദകരമാണെന്നും സംഘാടകർ ചൂണ്ടിക്കാട്ടുന്നു.
നാടകം എന്ന കലാരൂപം ഒരു വിനോദോപാധി മാത്രമല്ല, അത് ചരിത്രപരമായി സാമൂഹികമാറ്റത്തിനുള്ള ഒരു ആയുധം കൂടിയാണ് എന്നതു കൊണ്ടു തന്നെ തങ്ങൾക്കിടയിലുള്ള പഴയകാല നാടകപ്രവർത്തകരിൽ ചിലർ ഇന്ന് അവശതയിലാണ് എന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണെന്ന് സംഘാടകർ പറഞ്ഞു. അവരെ ആദരിക്കുകയും അവർക്ക് അർഹമായ ചികിത്സാസഹായവും നൽകുക എന്നത് പരിഷ്കൃത സമൂഹത്തിന്റെ ബാധ്യതയാണെന്നും ഈ സാഹചര്യത്തിൽ, നാടകകലയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനും, അതോടൊപ്പം ദുരിതമനുഭവിക്കുന്ന പഴയകാല നാടക കലാകാരന്മാർക്ക് ഒരു കൈത്താങ്ങാവാനാണ് സംഘാടകരായ കേരളീയ കേന്ദ്ര സംഘടന ആഗ്രഹിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഡോംബിവ്‌ലി കേരളസമാജം ഈ ഉദ്യമത്തിൽ കൈ കോർക്കുന്നുണ്ട്.
ഇന്‍റർനാഷണൽ തിയറ്റർ ഫെസ്റ്റിവെൽ ഓഫ് കേരളയിലും കൊച്ചി മുസിരിസ് ബിനാലെയിലും മറ്റും അവതരിപ്പിച്ചു കൊണ്ട് ഇന്ത്യയിലുടനീളം അവതരിപ്പിച്ചു വരുന്ന കൂ... ഹൂ നാടകം നിർമിച്ചത് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജാണ്.
വിവരങ്ങൾക്ക്: 9920045387/9833074099
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.