ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യക്കുനേരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടർന്ന് സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടി പൊതുവേദിയിൽ ജില്ല പൊലീസ് മേധാവിക്കു നേരെ മുഖ്യമന്ത്രി സിദ്ധരാമയ്യ കൈയോങ്ങി. ബെളഗാവിയിൽ തിങ്കളാഴ്ച കോൺഗ്രസ് സംഘടിപ്പിച്ച ‘സംവിധാൻ ബച്ചാവോ- വിലക്കയറ്റവിരുദ്ധ റാലി’യിലാണ് സംഭവം. തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ബി.ജെ.പി പ്രവർത്തകർ ശ്രമിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രസംഗത്തിനിടെ മുഖ്യമന്ത്രി ബെളഗാവി എസ്.പിയെ വിളിച്ചുവരുത്തി തല്ലാൻ കൈയുയർത്തിയത്.
സംഭവത്തിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവ സമയം വേദിയിലുണ്ടായിരുന്ന വ്യവസായ മന്ത്രി എം.ബി. പാട്ടീൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്. മുഖ്യമന്ത്രിയുടെ പ്രവൃത്തിയെ ന്യായീകരിച്ചും വിമർശിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമായി.
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ കരിങ്കൊടികളുമായെത്തിയ ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇതോടെ അസ്വസ്ഥനായ മുഖ്യമന്ത്രി, ബെളഗാവി എസ്.പിയെ വേദിയിലേക്ക് വിളിച്ചുവരുത്തി അടിക്കാൻ കൈയോങ്ങി.
പെട്ടെന്നുതന്നെ കൈ പിൻവലിക്കുകയും ചെയ്തു. സദസ്സിൽ ബഹളമുണ്ടാക്കുന്നവരെ ഉടൻ പുറത്താക്കാൻ എസ്.പിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. വേദിയിലുണ്ടായിരുന്ന എ.ഐ.സി.സി ജനറൽസെക്രട്ടി രൺദീപ് സിങ് സുർജെ വാലയും മന്ത്രിമാരായ എം.ബി. പാട്ടീൽ, എച്ച്.കെ. പാട്ടീൽ എന്നിവർ മുഖ്യമന്ത്രിയെ ശാന്തമാക്കാൻ ശ്രമിച്ചു. പ്രസംഗം തുടർന്ന മുഖ്യമന്ത്രി ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ വിമർശനമുന്നയിച്ചു.
‘ബി.ജെ.പിയും ആർ.എസ്.എസും എല്ലായിടത്തും ഇതുപോലെ സമാധാനത്തിന് ഭംഗം വരുത്തുകയാണ്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും തീപടർത്താനുമാണ് അവരുടെ ശ്രമം. ബി.ജെ.പിയുടെ അത്തരം ശ്രമങ്ങളെ ഞങ്ങൾ ഭയക്കില്ല. അവരെ പരസ്യമായി പൊതുമധ്യത്തിൽ നേരിടാനുള്ള ധൈര്യം ഞങ്ങൾക്കുണ്ട്. ഇക്കാര്യം അവരെ ബോധ്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു’- സിദ്ധരാമയ്യ പറഞ്ഞു.
‘ബി.ജെ.പിയെയും ആർ.എസ്.എസിനെയും നേരിടാൻ കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞാൽപ്പിന്നെ ബി.ജെ.പിയും ആർ.എസ്.എസും വാലിളക്കില്ല. ബി.ജെ.പിയുടെ ഇത്തരം പ്രവർത്തനങ്ങളെ അപലപിക്കുന്നു. നിങ്ങൾക്ക് നാണമില്ലേയെന്നും മുഖ്യമന്ത്രി ബി.ജെ.പിയോട് ചോദിച്ചു. കേന്ദ്ര സർക്കാറിന്റെ വിലക്കയറ്റത്തിനെതിരായ കോൺഗ്രസ് സമരം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബംഗളൂരു: ബെളഗാവിയിൽ കോൺഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസാരിക്കുന്നത് ബി.ജെ.പി പ്രവർത്തകർ തടസ്സപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. പരിപാടിക്കുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിച്ച ശിവകുമാർ, ഇത്തരം പ്രവർത്തനങ്ങൾ ബി.ജെ.പി തുടർന്നാൽ സംസ്ഥാനത്ത് ബി.ജെ.പിയുടെ ഒരു പരിപാടിയും താൻ നടത്തിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. ആദ്യമായാണ് ഇത്തരം സംഭവം നടക്കുന്നത്. ബി.ജെ.പി അവരുടെ നാല് പ്രവർത്തകരെ പരിപാടിയിലേക്ക് അയച്ചു. കോൺഗ്രസ് പ്രവർത്തകരുടെ കാർഡുമായാണ് അവർ സദസ്സിലെത്തിയതെന്നും ശിവകുമാർ ആരോപിച്ചു.
പരിപാടി അവർ തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇതു തുടർന്നാൽ കർണാടകയിൽ ബി.ജെ.പിയുടെ ഒരു പരിപാടിയും നടത്താൻ അനുവദിക്കില്ലെന്നും ഇത് കോൺഗ്രസിന്റെ പ്രതിജ്ഞയാണെന്നും ശിവകുമാർ പറഞ്ഞു. തിരുത്തിയാൽ ബി.ജെ.പിക്ക് നല്ലത്. ഇതേ മനോഭാവം തുടർന്നാൽ, കർണാടകയിലെ ജനങ്ങളും ദൈവവും എനിക്ക് തിരിച്ചടിക്കാനുള്ള ശക്തി നൽകിയിട്ടുണ്ട്. നിങ്ങൾ ചെയ്തതിനെക്കാൾ വലിയ തോതിലായിരിക്കും ആ തിരിച്ചടി.
ഇതു മുന്നറിയിപ്പാണ്. നിങ്ങളുടെ പാർട്ടിയിലും പ്രവർത്തകരിലും തിരുത്തൽ നടത്തുക. ഇല്ലെങ്കിൽ ഒരിടത്തും നിങ്ങളുടെ യോഗമോ പരിപാടിയോ നടക്കില്ല. അതു നേരിടാൻ ഞങ്ങൾ റെഡിയാണ്’-ശിവകുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.