1. സി.​വി. സു​രേ​ന്ദ്ര​ൻ ബാ​ൾ പേ​ന കൊ​ണ്ട്​ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ 2. സി.​വി. സു​രേ​ന്ദ്ര​നും ഭാ​ര്യ നി​ജ​യും

ഈ ചിത്രങ്ങൾ വാങ്ങൂ, ആ ജീവിതം നിറമുള്ളതാകട്ടെ...

ഞായറാഴ്ച ബംഗളൂരു ചിത്രകലാ പരിഷത്തിൽ നടക്കുന്ന ചിത്രപ്രദർശനത്തിൽ പങ്കെടുക്കാൻ ശരീരം തളർന്ന കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി സി.വി. സുരേന്ദ്രനുംബംഗളൂരു: നിങ്ങളീ ചിത്രങ്ങളൊന്ന് വാങ്ങൂ, അതിമനോഹരമായ ചിത്രം സ്വന്തമാക്കുന്നതിനൊപ്പം ശാരീരിക ചലനശേഷി നഷ്ടപ്പെട്ട ഈ കലാകാരന്‍റെ ജീവിതം കൂടി അതിലൂടെ എളുപ്പമാക്കാം. കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിയായ സി.വി. സുരേന്ദ്രൻ (47) എന്ന കലാകാരൻ സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോഗം ബാധിച്ച് കൈകളൊഴികെ ശരീരത്തിന്‍റെ ചലനശേഷി നഷ്ടപ്പെട്ട് മുച്ചക്ര കസേരയിൽ കഴിയുകയാണ്. ചേളാരി വലിയ പുരയിൽ കൃഷ്ണൻ-ലക്ഷ്മി ദമ്പതികളുടെ ഏഴുമക്കളിൽ ഒരുവനാണ് സുരേന്ദ്രൻ. മറ്റ് രണ്ടു സഹോദരന്മാരായ സി.വി. ദിദേശനും സി.വി രമേശനും ഇതേ രോഗം ബാധിച്ചവരാണ്.

വീട്ടിലിരുന്നു വെള്ളികൊണ്ടുള്ള ഉറുക്ക് നിർമിച്ച് കടകളിൽ നൽകിയാണ് സഹോദരങ്ങൾ ഉപജീവനം കണ്ടെത്തുന്നത്. കൗമാരത്തിലാണ് സുരേന്ദ്രന് അസുഖം ബാധിക്കുന്നത്. പിന്നെ വീൽചെയറിലായി ജീവിതം. വെറുതെ ഇരിക്കുന്നതിന്‍റെ മുഷിപ്പ് മാറ്റാൻ തുടങ്ങിയ ചിത്രം വര ഒടുവിൽ അയാളെ നല്ലൊരു ചിത്രകാരനാക്കി. ബാൾ പേനയാൽ അതിമനോഹര അബ്സ്ട്രാക്ട് ചിത്രങ്ങൾ വരക്കുന്ന കേരളത്തിലെ അപൂർവം കലാകാരൻമാരിൽ ഒരാളാണ് സുരേന്ദ്രൻ. പ്രകൃതി ദൃശ്യങ്ങൾ, മൃഗങ്ങൾ, ദൈവങ്ങൾ തുടങ്ങി നിരവധി ചിത്രങ്ങളാണ് ആ അനുഗൃഹീത കൈകളാൽ പിറവികൊള്ളുന്നത്.

ഇത്തവണയും ബംഗളൂരു ചിത്രകലാപരിഷത്തിൽ ജനുവരി എട്ടിന് നടക്കുന്ന ‘ചിത്രസന്തെ’ പ്രദർശനത്തിൽ പങ്കെടുക്കാൻ സുരേന്ദ്രൻ എത്തുന്നുണ്ട്. രാവിലെ എട്ടുമുതൽ വൈകീട്ടുവരെയാണ് പ്രദർശനം. കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റിവ് പ്രവർത്തകൻ അബ്ദുറഹ്മാനാണ് സഹായത്തിന് കൂടെയുള്ളത്. ഇതിനകം വരച്ച ചിത്രങ്ങൾ പ്രദർശനത്തിൽ വിൽക്കുകയാണ് ലക്ഷ്യം. അതിലൂടെ പ്രയാസകരമായ ജീവിതത്തിന് അൽപം ആശ്വാസം കണ്ടെത്തണം. മൂന്നുവർഷം മുമ്പാണ് സുരേന്ദ്രന്‍റെ വിവാഹം കഴിഞ്ഞത്. ഭാര്യ നിജ കാലുകൾക്കും കൈക്കും ശേഷിക്കുറവുള്ളയാളാണ്. ഭാര്യയും ബംഗളൂരുവിൽ എത്തുന്നുണ്ട്.

സഹോദരി സുധയുടെ അഴീക്കോട് അലവിലെ വീട്ടിലാണ് ഇവരുടെ താമസം. വികലാംഗപെൻഷനായി കിട്ടുന്ന 1200 രൂപ മാത്രമാണ് ആകെയുള്ള സ്ഥിരവരുമാനം. ഒരു വീടെന്ന സ്വപ്നം പൂവണിയാൻ മുട്ടാത്ത വാതിലുകളില്ല. എന്നാൽ ഇതുവരെ സാധിച്ചിട്ടില്ല. പ്രതിസന്ധികളുടെ വൻമലയാണ് മുന്നിലുള്ളതെങ്കിലും നല്ല മനസ്കരായ ചില സുഹൃത്തുക്കളുടെ പിന്തുണയാൽ ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണിയാൾ. വീടുകളിലോ ഓഫിസുകളിലോ തൂക്കാൻ പറ്റാവുന്ന മനോഹര ചിത്രങ്ങളാണ് സുരേന്ദ്രൻ നമുക്കായി ബംഗളൂരുവിലെ പ്രദർശനത്തിൽ ഒരുക്കുന്നത്.

അതിൽ നിന്ന് സാധ്യമാകുന്നവ വാങ്ങിയാൽ അത് ആ കുടുംബത്തിന് കിട്ടുന്ന വലിയൊരു സഹായം കൂടിയാകും.ഒപ്പം ആ ചിത്രങ്ങൾ നമ്മുടെ വീടിനോ ഓഫിസിനോ മനോഹാരിത കൂട്ടുകയും ചെയ്യും. ഇതിനകം കൊച്ചിയിലും മുംബൈയിലും സുരേന്ദ്രൻ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 9895361684 നമ്പറിൽ അദ്ദേഹത്തെ ബന്ധപ്പെടാം.നിരവധി പുരസ്കാരങ്ങളും ഇതിനകം തേടിയെത്തിയെങ്കിലും നിറമുള്ള ജീവിതം മാത്രം ഈ കുടുംബത്തിന് അകലെയാണ്.

Tags:    
News Summary - Buy these pictures and make that life colorful...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.