ബാബുറാവു
ചിഞ്ചൻസുർ
ബംഗളൂരു: കർണാടകയിലെ ബി.ജെ.പി ലെജിസ്ലേറ്റിവ് കൗൺസിൽ (എം.എൽ.സി) അംഗം ബാബുറാവു ചിഞ്ചൻസുർ കോൺഗ്രസിലേക്ക്.
കൗൺസിൽ ചെയർപേഴ്സൻ ബസവരാജ് ഹൊരാട്ടിക്ക് അദ്ദേഹം രാജി സമർപ്പിച്ചു. കോലി സമുദായക്കാരനായ ഇദ്ദേഹം മാർച്ച് 25ന് കോൺഗ്രസിൽ ചേരുമെന്നാണ് അറിയുന്നത്. ഈ മാസം പാർട്ടി വിടുന്ന രണ്ടാമത്തെ ബി.ജെ.പി നേതാവാണ് ഇദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കർണാടകയിൽ ബി.ജെ.പിക്ക് തിരിച്ചടിയായി നേതാക്കൾ കോൺഗ്രസിൽ ചേരുന്നത് പാർട്ടിക്ക് വൻപ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബി.ജെ.പി എം.എൽ.സിയാണ് ഇദ്ദേഹം. സംസ്ഥാന സർക്കാറിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പുട്ടണ്ണ എം.എൽ.സിയും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. നാലുതവണ ലെജിസ്ലേറ്റിവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാബുറാവു 2018ലെ അസംബ്ലി തെരഞ്ഞെടുപ്പിലെ തോൽവിക്കുപിന്നാലെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുകയായിരുന്നു.
രണ്ട് മുൻ എം.എൽ.എമാരും മൈസൂരു മുൻ മേയറും ഈയടുത്ത് കോൺഗ്രസിൽ ചേർന്നിരുന്നു. കൊല്ലെഗൽ മുൻ എം.എൽ.എയും എസ്.സി മോർച്ച വൈസ് പ്രസിഡന്റുമായ ജി.എൻ. നഞ്ചുണ്ടസ്വാമി, വിജയപുര മുൻ എം.എൽ.എ മനോഹർ ഐനാപൂർ, മൈസൂരു മുൻ മേയർ പുരുഷോത്തം എന്നിവരാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.