ബംഗളൂരു: ഓട്ടോറിക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ ബംഗളൂരുവിൽ ബൈക്ക് ടാക്സികൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ടുകൾ. കുറഞ്ഞ നിരക്കും ക്യാൻസലേഷൻ റേറ്റും കനത്ത ട്രാഫിക്കിലും വേഗമെത്താമെന്നതുമാണ് യാത്രക്കാർ ബൈക്ക് ടാക്സിയിലേക്ക് തിരിയുന്നതിന് പ്രധാന കാരണമായി പറയുന്നത്. ചെറിയ ദൂരത്തിലുള്ളതോ ട്രാഫിക് കൂടുതലുള്ളതോ ആയ സ്ഥലങ്ങളിലേക്ക് ഓട്ടോ, ടാക്സി എന്നിവയിൽ യാത്ര ചെയ്യാൻ വിസമ്മതിക്കാറുണ്ടെങ്കിലും ബൈക്ക് ടാക്സിക്ക് ഇത്തരം പ്രശ്നങ്ങൾ വളരെ കുറവാണെന്ന് യാത്രക്കാർ പറയുന്നു.
അമിത കൂലിയും ട്രിപ് വിസമ്മതവുമായി ബന്ധപ്പെട്ട് ഓട്ടോ, ടാക്സി ഡ്രൈവർമാർക്കെതിരെയുള്ള കേസുകളിൽ കഴിഞ്ഞവർഷം കാര്യമായ വർധനയുണ്ടായിട്ടുണ്ട്. ആറായിരത്തിലധികം കേസുകളിലായി 16.50 ലക്ഷം രൂപയാണ് പൊലീസ് പിഴയായി ഈടാക്കിയത്.
ഇതിൽ പകുതി കേസുകൾ ഓട്ടം പോകാൻ വിസമ്മതിച്ചതിനും ബാക്കി പകുതി അമിത കൂലി ഈടാക്കിയതിനുമാണ്. ഓട്ടോനിരക്ക് വർധിപ്പിക്കണമെന്ന ഓട്ടോറിക്ഷ തൊഴിലാളി യൂനിയനുകളുടെ ആവശ്യം സജീവമായിരിക്കെയാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സർക്കാർ നിശ്ചയിച്ച നിരക്കിനെക്കാൾ കൂടുതൽ നൽകാത്തതാണ് പലരും ഓട്ടം വരാൻ തയാറാകാത്തതിന് കാരണം.
അധിക നിരക്ക് ആവശ്യപ്പെട്ടാൽ നൽകാൻ തയാറാകാത്ത യാത്രക്കാരെ അപമാനിക്കലും പതിവാണ്. ഓട്ടോ ഡ്രൈവർമാരുടെ ക്ഷേമം സർക്കാർ പരിഗണിക്കാത്തതാണ് ഡ്രൈവർമാരെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതെന്നാണ് യൂനിയനുകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.