1. ആട്ടക്കളരിയിൽ അരങ്ങേറിയ ‘ഏകം’ മേളയിൽ കുമാരൻ ന്യൂട്രൽ എന്ന നാടകത്തിൽനിന്ന്, 2. ‘ഏകം’ മേളയിൽ അവതരിപ്പിച്ച ‘സ്പോട്ട് ലൈറ്റ്’ എന്ന നാടകത്തിൽനിന്ന്
ബംഗളൂരു: മലയാള സോളോ ആക്ട് നാടകമേള കോറമംഗല വിൽസൻ ഗാർഡനിലെ ആട്ടക്കളരിയിൽ അരങ്ങേറി.
മോണോ ഡ്രാമ ഫെസ്റ്റിവൽ എന്ന പേരിൽ വിദേശ രാജ്യങ്ങളിൽ പ്രസിദ്ധി നേടിയ ഈ നാടക സങ്കേതം, ബംഗളൂരുവിലെ മലയാള നാടക വേദിയിൽ ആദ്യമായാണ് പരീക്ഷിക്കുന്നത്. നിഴൽനാടകമായ ‘ആവൃത്തം’, അഭിനയ ജീവിതത്തിനും ജീവിതാഭിനയത്തിനുമിടയിലെ യുവതിയുടെ വൈകാരിക ഭാവങ്ങളെ പ്രതിഫലിപ്പിച്ച ‘സ്പോട്ട് ലൈറ്റ്’, അമ്മക്കായി മോക്ഷം തേടിയലയുന്ന മകനെ വരച്ചുകാട്ടിയ ‘ഋണാഹുതി’, വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘പര്യന്തം’, തൊഴിലും ജീവിതവും ഒന്നായി മാറുന്ന ഒരു ലോറി ജീവനക്കാരന്റെ (ഉടമയുടെയും) ഒരു രാത്രിയിലൂടെ കടന്നുപോകുന്ന ‘കുമാരൻ ന്യൂട്രൽ’ എന്നീ നാടകങ്ങളാണ് അവതരിപ്പിച്ചത്. ലോക് ഡൗൺ ആർട്ട് വർക്സ് (ലോ) അരങ്ങിലെത്തിച്ച മേള ആട്ടക്കളരി സെന്റർ ഫോർ മൂവ്മെന്റിലെ രംഗമണ്ഡല ബ്ലാക്ക് ബോക്സ് തിയറ്ററിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറി.
ഭൂമി, വായു, അഗ്നി, വെള്ളം, ആകാശം പഞ്ചഭൂതങ്ങളെ പ്രമേയമാക്കി വ്യത്യസ്തമായ അഞ്ചുനാടകങ്ങളെയും ഒറ്റ ചരടിൽ കോർത്താണ് 100 മിനിറ്റ് ദൈർഘ്യമുള്ള മേള ഒരുക്കിയത്. അനിൽ തിരുമംഗലം രചനയും സംവിധാനവും നിർവഹിച്ച നാടകങ്ങൾക്ക് മണികണ്ഠൻ (ആവൃത്തം), ലിറ്റി ജോസഫ് (സ്പോട്ട് ലൈറ്റ്), ആകാശ് ആകവർ (ഋണാഹുതി) റെജി (പര്യന്തം), അരുൺ ജയചന്ദ്രിക (കുമാരൻ ന്യൂട്രൽ) എന്നിവർ വേഷമിട്ടു. നാടക ഭാഷണങ്ങൾക്ക് തത്സമയ ഇംഗ്ലീഷ് പരിഭാഷയും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.