കാമുകിക്ക് വേണ്ടി മൂന്ന് കോടി രൂപയുടെ വീട് നിർമിച്ച കള്ളൻ പിടിയിൽ; കാമുകി പ്രമുഖ നടിയെന്ന് പൊലീസ്
ബംഗളൂരു: മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിയായ നടിക്കായി മൂന്ന് കോടി രൂപയുടെ വീട് നിർമിച്ച യുവാവിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സോളാപൂർ സ്വദേശി പഞ്ചാക്ഷരി സ്വാമിയാണ് (37) അറസ്റ്റിലായത്. പ്രശസ്ത സിനിമ നടിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ബംഗളൂരു നോർത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണർ സാറ ഫാത്തിമ പറയുന്നതിങ്ങിനെ: പ്രതിയായ പഞ്ചാക്ഷരി സ്വാമി മഹാരാഷ്ട്രയിലെ സോളാപൂർ സ്വദേശിയാണ്. വിവാഹിതനും ഒരു കുട്ടിയും ഉണ്ടെങ്കിലും സ്ത്രീകളോട് വളരെ മോശമായി പെരുമാറുന്നയാളാണ്.
2003-ൽ പ്രായപൂർത്തിയാകാത്ത പ്രായത്തിൽ തന്നെ പഞ്ചാക്ഷരി സ്വാമി മോഷണം തുടങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായി. 2009 ൽ അയാൾ ഒരു 'പ്രഫഷണൽ' മോഷ്ടാവായി മാറുകയായിരുന്നു. കുറ്റകൃത്യങ്ങളിലൂടെ കോടിക്കണക്കിന് സ്വത്ത് സമ്പാദിച്ചു. 2014-15-ൽ
പ്രമുഖ നടിയുമായി പ്രണയബന്ധം സ്ഥാപിച്ചു. നടിക്ക് വേണ്ടി കോടികൾ ചെലവഴിച്ചതായി പ്രതി സമ്മതിച്ചു. കൊൽക്കത്തയിൽ മൂന്ന് കോടി രൂപയുടെ വീട് പണിയുകയും 22 ലക്ഷം രൂപയുടെ അക്വേറിയം സമ്മാനമായി നൽകുകയും ചെയ്തു.
2016-ൽ ഗുജറാത്ത് പൊലീസ് സ്വാമിയെ അറസ്റ്റ് ചെയ്ത് ആറ് വർഷം തടവിന് ശിക്ഷിച്ചിരുന്നു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ ശേഷം വീണ്ടും മോഷണത്തിലേക്ക് മടങ്ങി. പിന്നീട് സമാനമായ കുറ്റകൃത്യങ്ങൾക്ക് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. 2024-ൽ മോചിതനായ ശേഷം തന്റെ താവളം ബംഗളൂരുവിലേക്ക് മാറ്റി. അവിടെ വീണ്ടും വീടുകളിൽ മോഷണം നടത്തി. കഴിഞ്ഞ മാസം ഒമ്പതിന് ബംഗളൂരു മഡിവാല പ്രദേശത്തെ ഒരു വീട്ടിൽ മോഷണം നടത്തി. രഹസ്യ വിവരങ്ങൾ ശേഖരിച്ചതിനെ തുടർന്ന് മഡിവാല മാർക്കറ്റ് ഏരിയക്ക് സമീപം വെച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ബംഗളൂരുവിൽ കൂട്ടാളിയുമായി ചേർന്ന് കുറ്റകൃത്യങ്ങൾ ചെയ്തതായി സ്വാമി സമ്മതിച്ചു. മോഷ്ടിച്ച സ്വർണം ഉരുക്കി സ്വർണ ബിസ്കറ്റുകളാക്കി മാറ്റാൻ ഇയാൾ ഉപയോഗിച്ച ഇരുമ്പ് വടിയും ഫയർ ഗണ്ണും പൊലീസ് പിടിച്ചെടുത്തു. മോഷ്ടിച്ച ആഭരണങ്ങളിൽ നിന്ന് നിർമിച്ച എല്ലാ സ്വർണ, വെള്ളി ബിസ്കറ്റുകളും മഹാരാഷ്ട്രയിലെ സോളാപൂരിലുള്ള തന്റെ വസതിയിൽ സൂക്ഷിച്ചിരുന്നതായി സ്വാമി വെളിപ്പെടുത്തി.181 ഗ്രാം സ്വർണ ബിസ്‌ക്കറ്റുകൾ, 333 ഗ്രാം വെള്ളി ആഭരണങ്ങൾ, ആഭരണങ്ങൾ ഉരുക്കാൻ ഉപയോഗിച്ച ഫയർ ഗൺ എന്നിവ അധികൃതർ പിടിച്ചെടുത്തു.
പിതാവിന്റെ മരണശേഷം മാതാവിന് റെയിൽവേ വകുപ്പിൽ നഷ്ടപരിഹാര ജോലി ലഭിച്ചിരുന്നു. സ്വാമിയുടെ പേരിലും ഒരു വീട് ഉണ്ട്. എന്നാൽ, തിരിച്ചടക്കാത്ത വായ്പകൾ കാരണം ഒരു ബാങ്ക് ലേല നോട്ടീസ് പുറപ്പെടുവിച്ചിരിക്കുയാണ്."
സാറ ഫാത്തിമ, മഡിവാല എ.സി.പി കെ.സി.ലക്ഷ്മിനാരായണ, മഡിവാല പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എം.എ.മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.