ഗൃഹലക്ഷ്മി പദ്ധതിയിൽ പരേതരുടെ പേരിൽ 177 കോടി നിക്ഷേപിച്ചു
മംഗളൂരു: കർണാടക സർക്കാറിന്റെ ഗൃഹലക്ഷ്മി പദ്ധതി ഗുണഭോക്താക്കളിൽ ഉൾപ്പെടുത്തി ജീവിച്ചിരിപ്പില്ലാത്തവരുടെ അക്കൗണ്ടുകളിലേക്ക് 177 കോടി രൂപ അയച്ചതായി കണ്ടെത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ച ഉറപ്പുകളുടെ നിർവഹണ അതോറിറ്റി ചെയർമാൻ എച്ച്.എം. രേവണ്ണ മംഗളൂരുവിൽ വാർത്ത സമ്മേളനത്തിൽ വെളിപ്പെടുത്തിയതാണിത്.
ബി.പി.എൽ, എ.പി.എൽ കാർഡ് ഉടമകളായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകുന്ന പദ്ധതിയാണ് ഗൃഹലക്ഷ്മി. പിഴവ് ആവർത്തിക്കാതിരിക്കാൻ സംസ്ഥാനവ്യാപകമായി വീടുതോറുമുള്ള ഗുണഭോക്താക്കളുടെ പുനഃപരിശോധന ആരംഭിക്കുമെന്ന് രേവണ്ണ പറഞ്ഞു. 200 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായ ഗൃഹ ജ്യോതി പദ്ധതിയിൽ സർക്കാർ പുനഃപരിശോധന ആരംഭിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. അർഹതയില്ലാത്ത ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും ആനുകൂല്യങ്ങൾ അർഹതയുള്ള കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണിത്.
ഗ്രാമപഞ്ചായത്ത്, വാർഡ് തലങ്ങളിൽ ആറ് അംഗ സമിതികൾ രൂപവത്കരിച്ച് പരിശോധന നടത്താൻ സർക്കാർ ഉദ്യോഗസ്ഥരെ സഹായിക്കും. ഓരോ കമ്മിറ്റിയിലും കോൺഗ്രസ് പാർട്ടി പ്രവർത്തകരും രണ്ട് സ്ത്രീകളും പട്ടികജാതി, ന്യൂനപക്ഷ, പിന്നാക്ക, പൊതു വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെടും. കമ്മിറ്റികൾ സർക്കാരിന് മേൽ ഒരു സാമ്പത്തിക ബാധ്യതയും വരുത്തിവെക്കില്ലെന്നും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ സഹായിച്ച് മാത്രമേ സ്ഥിരീകരണ പ്രക്രിയ സുഗമമാക്കൂ എന്നും രേവണ്ണ പറഞ്ഞു.
ഗുണഭോക്താവിന്റെ മരണശേഷം പേയ്മെന്റുകൾ യാന്ത്രികമായി നിർത്തലാക്കുന്നതിനുള്ള സംവിധാനങ്ങൾ ഇപ്പോൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് രേവണ്ണ അവകാശപ്പെട്ടു. ഭാവിയിൽ സമാനമായ വീഴ്ചകൾ തടയുന്നതിനായി ബയോമെട്രിക് സംവിധാനവും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ പരിശോധിച്ചുവരികയാണ്.
അതേസമയം, പൊതുവിതരണ സമ്പ്രദായ പ്രകാരം പ്രതിമാസ അരി അഞ്ച് കിലോ കുറക്കാനും ഭക്ഷ്യ എണ്ണ, പഞ്ചസാര, പയർവർഗ്ഗങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ അടങ്ങിയ ഇന്ദിര കിറ്റ് നൽകാനുമുള്ള നിർദ്ദേശം സർക്കാർ പരിഗണിക്കുന്നുണ്ട്. സബ്സിഡി അരി കരിഞ്ചന്തയിലേക്ക് വഴിതിരിച്ചുവിടുന്നത് തടയാനാണ് ഈ നിർദ്ദേശമെന്ന് രേവണ്ണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.