തക്കാളി വിലയിൽ വൻ ഇടിവ്; കർഷകർ പ്രതിസന്ധിയിൽ
ബംഗളൂരു: തക്കാളി വില ഇടിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ കർഷകർ കടുത്ത പ്രതിസന്ധിയില്‍. കർഷകരുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വിഷയത്തില്‍ ഇടപെടണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. കർഷകരിൽനിന്ന് നേരിട്ട് സംഭരണം, വായ്പ എഴുതിത്തള്ളൽ, മെച്ചപ്പെട്ട സംഭരണ, സംസ്കരണ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് നല്‍കണമെന്നും സംയുക്ത കിസാൻ മോർച്ചയുടെ പ്രതിനിധിയും കർഷകനുമായ അട്ടഹള്ളി ദേവരാജ് പറഞ്ഞു.
ഗദകില്‍ തക്കാളിവില കിലോ രണ്ടു രൂപയായി. വിളവെടുപ്പിനും ഗതാഗത ചെലവുകൾക്കും പോലും ചിലപ്പോൾ വരുമാനം തികയില്ലെന്നും വിത്തുകൾ, വളം, കീടനാശിനികൾ, ജലസേചനം, തൊഴിലാളികൾ, ഗതാഗതം എന്നിവ ഉൾപ്പെടെ തക്കാളി കൃഷി ചെയ്യുന്നതിനുള്ള ചെലവ് ഏക്കറിന് 40,000 രൂപയിൽ കൂടുതലാണെന്ന് കര്‍ഷകര്‍ പറഞ്ഞു.
തക്കാളി പ്യൂരി, പേസ്റ്റ്, സോസ്, ജ്യൂസ്, ഉണങ്ങിയ തക്കാളി എന്നിവ നിർമിക്കാൻ കഴിയുന്ന പ്രാദേശിക സംസ്കരണ യൂനിറ്റുകളെ പിന്തുണക്കണമെന്ന് കർഷകർ സർക്കാരിനോട് അഭ്യർഥിച്ചു. കർണാടകയിലുടനീളമുള്ള കർഷകർ കാര്‍ഷിക വിളകളുടെ വിലയുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. കോളാറിലെ തക്കാളി കർഷകർ വിലയിടിവ്, വടക്കൻ കർണാടകയിലെ ഉള്ളി കർഷകർ വരൾച്ച മൂലം വിളനാശം, മാണ്ഡ്യയിലെ കരിമ്പ് കർഷകർ ജലക്ഷാമം എന്നിവയാണ് പ്രധാനമായും നേരിടുന്നത്.
സെപ്റ്റംബർ ഏഴിന് ഹെബ്ബാളില്‍ കർഷക നേതാക്കൾ ശിൽപശാല നടത്തുമെന്നും അതിനുശേഷം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തുമെന്നും കര്‍ഷകര്‍ പറഞ്ഞു. അതേസമയം വിളനാശത്തെത്തുടർന്ന് ഉള്ളി വില കുതിച്ചുയർന്നു. വിപണികളിൽ ഉള്ളി വില കിലോക്ക് 25 രൂപയിൽ നിന്ന് 70 മുതല്‍ 80 രൂപ വരെ ഉയർന്നതായും ചില്ലറ വിൽപ്പന വില കിലോക്ക് 80 രൂപയിലെത്തിയതായും കര്‍ഷകര്‍ പറഞ്ഞു. എങ്കിലും കനത്ത മഴ, വരൾച്ച, വിളനാശം എന്നിവ ഉൽപാദനം കുറച്ചതിനാൽ വിലക്കയറ്റം എല്ലാ ഉള്ളി കർഷകർക്കും പ്രയോജനമാവില്ലെന്ന് കർഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.