വി. സോമണ്ണ

ബംഗളൂരു-മൈസൂരു ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കും -വി. സോമണ്ണ

ബംഗളൂരു: ബംഗളൂരുവിനും മൈസൂരുവിനും ഇടയിൽ സർവിസ് നടത്തുന്ന ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്ററിൽ നിന്ന് 135 കിലോമീറ്ററായി വർധിപ്പിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ. മൈസൂരു ഡിവിഷനിലെ സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌.ഡബ്ല്യു.ആർ) ഡിവിഷനൽ റെയിൽവേ മാനേജറുടെ (ഡി.ആർ.എം) ഓഫിസിൽ കേന്ദ്ര ഘനവ്യവസായ, ഉരുക്ക് മന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയോടൊപ്പം ഇന്നലെ നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തിലാണ് വി. സോമണ്ണ ഇക്കാര്യം പ്രസ്താവിച്ചത്.

സംസ്ഥാനത്തുടനീളം 52,950 കോടി രൂപയുടെ റെയിൽവേ ജോലികൾ നിലവിൽ നടന്നുവരികയാണെന്നും കഴിഞ്ഞ 10 വർഷത്തിനിടെ ഏകദേശം 1,750 കിലോമീറ്റർ പുതിയ റെയിൽവേ ട്രാക്കുകൾ സ്ഥാപിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ കർണാടകയിലെ റെയിൽവേ വികസനത്തിനായി 7,748 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇത് 7,564 കോടി രൂപയായിരുന്നു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ കർണാടകയിലെ 61 റെയിൽവേ സ്റ്റേഷനുകൾ 1,981 കോടി രൂപ ചെലവിൽ നവീകരിച്ചു കൊണ്ടിരിക്കുന്നു. ബംഗളൂരു സിറ്റി, യശ്വന്ത്പുർ, ബംഗളൂരു കന്‍റോണ്‍മെന്‍റ് എന്ന പ്രധാന സ്റ്റേഷനുകളിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും. മൈസൂരു ഡിവിഷനിലെ സകലേഷ് പുര്‍ - സുബ്രഹ്മണ്യ ഘട്ട് സെക്ഷനില്‍ വൈദ്യുതീകരണം പൂർത്തിയായി. 2014-ന് ശേഷം കർണാടകയിൽ 1,750 കിലോമീറ്റർ പുതിയ റെയിൽവേ ലൈനുകൾ സ്ഥാപിച്ചു. നിലവിൽ 31 പുതിയ ലൈനുകളുടെ നിർമാണ പ്രവൃത്തികള്‍ നടന്നു വരികയാണ്. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള ‘കവച്’ സംവിധാനം സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ നടപ്പാക്കും. കൂടാതെ ലെവൽ ക്രോസിങ്ങുകൾ ഒഴിവാക്കി റെയിൽവേ ഓവർ ബ്രിഡ്ജുകളും അണ്ടർ ബ്രിഡ്ജുകളും നിർമിക്കുന്നതിന് മുൻഗണന നൽകും. ബംഗളൂരു-മൈസൂരു റെയിൽവേ പാത നാലുവരിപ്പാതയാക്കി മാറ്റുന്നതിനുള്ള സർവേ നടപടികൾ പൂർത്തിയായി വരുന്നു. ഇതിന്‍റെ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുകയാണ്. കോവിഡ് സമയത്ത് നിർത്തലാക്കിയ ട്രെയിൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ ഘടിപ്പിക്കുന്ന നടപടി പൂർത്തിയായാൽ ഇത് പരിഗണിക്കുമെന്ന് മന്ത്രി കുമാരസ്വാമി പറഞ്ഞു.

Tags:    
News Summary - Bengaluru-Mysuru train speeds will be increased: V. Somanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.